ഓഹരി വിപണിയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങി ഡ്രൂം; ലക്ഷ്യം 1,000 കോടി രൂപ സമാഹരിക്കല്‍

September 20, 2021 |
|
News

                  ഓഹരി വിപണിയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങി ഡ്രൂം; ലക്ഷ്യം 1,000 കോടി രൂപ സമാഹരിക്കല്‍

കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഡ്രൂം ഓഹരി വിപണിയിലേക്ക് എത്തുന്നു. 1,000 കോടി രൂപ സമാഹരിക്കാനാണ് ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോമായ ഡ്രൂം ലക്ഷ്യമിടുന്നത്. ഐപിഒയ്ക്കായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെ നിയമിച്ചതായി കമ്പനിയുമായുള്ള അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി പ്രാരംഭ പബ്ലിക് ഓഫറിനായുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ ഫയല്‍ ചെയ്യും. കൂടാതെ, 2022ന്റെ തുടക്കത്തില്‍ ഐപിഒ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'ജെഎം ഫിനാന്‍ഷ്യല്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ രണ്ട് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളെ ഐപിഒയ്ക്കായി ഡ്രൂം തെരഞ്ഞെടുത്തിട്ടുണ്ട്' കമ്പനിയുമായി അടുത്തബന്ധമുള്ളയാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഒ വഴി 1,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രാഥമിക, സെക്കന്‍ഡറി ഓഹരി വില്‍പ്പനയുടെ ഒരു മിശ്രിതമായിരിക്കും ഐപിഒ. നിലവിലുള്ള ചില നിക്ഷേപകര്‍ തങ്ങളുടെ ഓഹരി വില്‍ക്കുന്നത് ഐപിഒയില്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡ്രൂം, ഈ വര്‍ഷം ജൂലൈയില്‍ ഐപിഒയ്ക്ക് മുന്നോടിയായി ഫണ്ട് സമാഹരിച്ചിരുന്നു. 1.2 ബില്യണ്‍ ഡോളര്‍ മൂല്യമാണ് സ്റ്റാര്‍ട്ട്അപ്പിനുള്ളത്. കോവിഡ് മഹാമാരി തുടക്കത്തില്‍ ഡ്രൂമിനെ സാരമായി ബാധിച്ചെങ്കിലും വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകത ഉയര്‍ന്നതോടെ ഇതുവഴിയുള്ള വില്‍പ്പന കുത്തനെ ഉയര്‍ന്നു. ഡ്രൂമിലൂടെയുള്ള വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും കാറുകളാണ്.

Related Articles

© 2025 Financial Views. All Rights Reserved