
തൃശ്ശൂര്‍: അഫ്ഗാനിസ്താനിലെ ആഭ്യന്തരപ്രശ്‌നം കാരണം ഇന്ത്യയിലേക്കുള്ള ഉണക്കപ്പഴങ്ങളുടെ വരവ് നിലച്ചു. ഇതോെട ദൗര്‍ലഭ്യതയും വിലക്കയറ്റവും തുടങ്ങി. അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താനിലൂടെ റോഡ് വഴിയാണ് ഉണക്കപ്പഴങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ദിവസേന 35 ലോറി ഉണക്കപ്പഴങ്ങളാണ് ഇങ്ങനെ എത്തിയിരുന്നത്. ഇത് നിലച്ചതോടെയാണ് ദൗര്‍ലഭ്യം തുടങ്ങിയത്.
പ്രതിവര്‍ഷം 2000 കോടിയുടെ ഉണക്കപ്പഴങ്ങളാണ് അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നത്. അഫ്ഗാനിസ്താനില്‍ ഉത്പാദിപ്പിച്ച് സംസ്‌കരിച്ചെടുക്കുന്ന അത്തിപ്പഴം, കുരുവുള്ള ഉണക്കമുന്തിരി, ഉണക്കിയ ഈത്തപ്പഴം, ആപ്രിക്കോട്ട് എന്നിവയുടെ വരവ് പാടേ നിലച്ചിട്ടുണ്ട്. അഫ്ഗാന്‍ വഴിയെത്തുന്ന വാല്‍നട്ട്, പിസ്ത എന്നിവയും ഇന്ത്യയിലേക്കെത്തുന്നത് കുറഞ്ഞു. ഇതോടെ വിലക്കയറ്റം തുടങ്ങി. ഇന്ത്യയില്‍ ഏറ്റവും ആവശ്യക്കാരുള്ള ഉണക്കമുന്തിരിയുടെ വിലയും വന്‍ കുതിപ്പിലാണ്. എല്ലാ ഇനങ്ങള്‍ക്കും ശരാശരി 20 ശതമാനം വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ വരള്‍ച്ചയാണ് ഇന്ത്യയിലെ ബദാം വിപണിയെ സാരമായി ബാധിച്ചത്. മൊത്തവ്യാപാര വിപണിയിലേക്ക് കിലോഗ്രാമിന് ശരാശരി 600 രൂപയ്ക്ക് കിട്ടിയിരുന്ന ബദാമിന് വിലയിപ്പോള്‍ 1100 കടന്നു. ദൗര്‍ലഭ്യവും തുടങ്ങി. ലോകത്ത് ഏറ്റവും കൂടുതല്‍ ബദാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ 80 ശതമാനത്തിലേറെ എത്തിയിരുന്നത് കാലിഫോര്‍ണിയയില്‍ നിന്നാണ്. കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ ബദാം മരങ്ങള്‍ കൂട്ടത്തോടെ നശിച്ചിരുന്നു.