
എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ ഇന്ത്യന്‍ പ്രവാസി വ്യവസായിയുമായ ബിആര്‍ ഷെട്ടിയുടെ ലോകത്തെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ദുബായ് കോടതി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
വായ്പ നല്‍കിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്ന്് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയില്‍ പറയുന്നു.2013 ല്‍ തയാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതുക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. അബുദാബിയിലേയും ദുബായിലേയും ആസ്തികള്‍, എന്‍എംസി ഹെല്‍ത്ത്, ഫിനാബ്ലെര്‍, ബിആര്‍എസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികള്‍ എന്നിവയാണ് മരവിപ്പിക്കുന്നത്.
ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിരുന്നു.ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പെടെ വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്നത് 50,000 കോടി രൂപയാണ്. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ ഉടനെ യുഎഇയിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു.