ക്രിപ്റ്റോ കറന്‍സിയ്ക്ക് കടിഞ്ഞാണ്‍ ഉറപ്പുവരുത്തി ദുബായ്; പ്രത്യേക നിയമം വരുന്നു

March 10, 2022 |
|
News

                  ക്രിപ്റ്റോ കറന്‍സിയ്ക്ക് കടിഞ്ഞാണ്‍ ഉറപ്പുവരുത്തി ദുബായ്;  പ്രത്യേക നിയമം വരുന്നു

ദുബായ്: ക്രിപ്റ്റോ കറന്‍സി, എന്‍എഫ്ടി തുടങ്ങി എല്ലാവിധ വെര്‍ച്വല്‍ ആസ്തികളുടെ ഉപയോഗവും കൈമാറ്റവും നിയന്ത്രിക്കുന്നതിനുള്ള നിയമവുമായി ദുബായ്. ഇത്തരത്തില്‍ പ്രത്യേക നിയമ ചട്ടക്കൂട് ആദ്യം നിര്‍മ്മിക്കുന്നത് ദുബായ് ആണ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ കീഴിലുള്ള ദുബായ് വെര്‍ച്വല്‍ അസെറ്റ്സ് റെഗുലേറ്ററി അതോറിറ്റിയ്ക്കാണ് ഡിജിറ്റല്‍ ആസ്തി ഇടപാട് സംബന്ധിച്ച ഇടപാടുകളുടെ മേല്‍നോട്ടം. ഇത്തരത്തിലുള്ള ആസ്തികളുടെ ഇടപാടുകളില്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക, വിപണിയില്‍ സമഗ്രത ഉറപ്പാക്കുക, നഷ്ടസാധ്യതകളുണ്ടെങ്കില്‍ അവ ഉപഭോക്താക്കളെ അറിയിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുബമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രിപ്റ്റോ കറന്‍സികള്‍ക്കും എന്‍എഫ്ടികള്‍ക്കും അനുമതി നല്‍കുന്നതും അതോറിറ്റിയാണ്. ക്രിപ്റ്റോ കമ്പനികള്‍  ദുബായില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് സോണുകള്‍, ഫ്രീസോണുകള്‍ എന്നിവയടക്കം ദുബായിലാകെ നിയമം ബാധകമാവും. എന്നാല്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററിന് നിയമം ബാധകമല്ല. ഇതോടെ വ്യാജ ഡിജിറ്റല്‍ കോയിനുകളെ തടയുന്നതിനും, ഡിജിറ്റല്‍ വാലറ്റ് സ്ഥാപങ്ങളെ നിരീക്ഷിക്കുന്നതിനും ദുബായ് സര്‍ക്കാരിന് സാധിക്കും.

നിയമ ലംഘനത്തിനുള്ള ശിക്ഷാ നടപടികള്‍ എന്തൊക്കെയെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആറ് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുക, പിഴ ഈടാക്കുക, പെര്‍മിറ്റ് പൂര്‍ണമായും റദ്ദാക്കുക എന്നിവയൊക്കെ ശിക്ഷാ നടപടികളില്‍ പെടുന്നു. ആഗോളതലത്തില്‍ ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍രെ ഭാഗത്ത് നിന്നും ഒരു നിയന്ത്രണ അതോറിറ്റി ഇതു വരെ ആരംഭിച്ചിരുന്നില്ല. ദുബായില്‍ പുതിയ അതോറിറ്റി വന്നതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടര്‍ന്നേക്കും.

Related Articles

© 2025 Financial Views. All Rights Reserved