
ദുബായ്: എമിറേറ്റിലെ വാണിജ്യ സംരംഭങ്ങളില്‍ നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശത്തിന് അനുവദിക്കുന്ന യുഎഇ നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ദുബായിലെ സാമ്പത്തിക വികസന വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ദുബായ് ഇക്കോണമി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആയിരത്തിലധികം വാണിജ്യ, വ്യാവസായിക പ്രവൃത്തികളിലാണ് സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ഏഴ് തന്ത്രപ്രധാന മേഖലകളിലെ സാമ്പത്തിക പ്രവൃത്തികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം കമ്പനികളുടെയും പങ്കാളികളുടെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ തീരുമാന പ്രകാരം, എമിറാറ്റി പങ്കാളി ഉള്‍പ്പെടുന്ന തരത്തിലുള്ള നിലവിലെ ബിസിനസ് ലൈസന്‍സുകളില്‍ മാറ്റമുണ്ടാകില്ല. നിയമപ്രകാരമുള്ള നടപടികളിലൂടെ എമിറാറ്റി പങ്കാളിയുടെ പങ്കാളിത്ത ശതമാനം 51 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്നതും അല്ലെങ്കില്‍ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറുന്നതും സാധ്യമാണെന്ന് ദുബായ് ഇക്കോണമി വ്യക്തമാക്കി. ദുബായിലെ 59ഓളം നിക്ഷേപകരാണ് ഇതുവരെ ജൂണ്‍ ഒന്നിന് നിലവില്‍ വന്ന പുതിയ നിയമം പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്നും ദുബായ് ഇക്കോണമി അറിയിച്ചു.
വാണിജ്യ കമ്പനികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമഭേദഗതി കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുഎഇയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മുന്‍ നിയമപ്രകാരം, യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദേശ കമ്പനികളുടെ ഭൂരിപക്ഷ ഓഹരികളും എമിറാറ്റി പൗരന്റെ പേരിലായിരിക്കണം. യുഎഇയില്‍ കമ്പനി ആരംഭിക്കുന്നതിന് യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇ ഉടമസ്ഥതയിലുള്ള കമ്പനിയോ ഏജന്റായി വേണമെന്നും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഭൂരിപക്ഷവും എമിറാറ്റി പൗരന്മാരും ബോര്‍ഡ് ചെയര്‍മാന്‍ എമിറാറ്റിയും ആയിരിക്കണമെന്നുമുള്ള നിബന്ധനകളും യുഎഇ കഴിഞ്ഞിടെ എടുത്തുമാറ്റിയിട്ടുണ്ട്.
അതേസമയം സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശത്തിനുള്ള അവസരം മൂലം നിലവിലെ നടപടിക്രമങ്ങളിലോ ലൈസന്‍സ് നിബന്ധനകളിലോ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും എമിറാറ്റി പൗരന്‍ പങ്കാളിയായി വേണമെന്നും അവരുടെ പേരില്‍ നിശ്ചിത ഓഹരികള്‍ ഉണ്ടായിരിക്കണമെന്നുമുള്ള നിബന്ധനകളില്‍ മാത്രമാണ് ഇളവെന്നും ദുബായ് ഇക്കോണമി വ്യക്തമാക്കി. സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശത്തിനായി അധിക ഫീസോ ഗ്യാരണ്ടിയോ മൂലധനമോ ആവശ്യമില്ലെന്നും ദുബായ് ഇക്കോണമി കൂട്ടിച്ചേര്‍ത്തു.