
കെയ്റോ: കൊറോണയില്‍ നിന്നും മുക്തമായി ദുബായ് സമ്പദ് വ്യവസ്ഥ നാളെ തുറക്കും. ബുധനാഴ്ച മുതല്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും അനുവദിക്കുമെന്ന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് തിങ്കളാഴ്ച അറിയിച്ചു. ബുധനാഴ്ച മുതല്‍ രാവിലെ 6.00 നും രാത്രി 11.00 നും ഇടയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് ദുബായ് മീഡിയ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം ചില റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസുകള്‍ കൂടുതല്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ക്കും വിധേയമായി വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്ന് മാധ്യമ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതില്‍ സിനിമാശാലകള്‍, ഇന്‍ഡോര്‍ ജിമ്മുകള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ-ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടും.
ഏപ്രില്‍ 24 ന് ആരംഭിച്ച മുസ്ലീം പുണ്യമാസമായ റമദാന്‍ മാസത്തില്‍ പരിമിതമായ ശേഷിയില്‍ മാളുകള്‍ വീണ്ടും തുറക്കാന്‍ ബിസിനസ്, ടൂറിസം ഹബായ ദുബായ് അനുവദിച്ചിരുന്നു. 30 ശതമാനം ബിസിനസ്സ് പുനരാരംഭിക്കാനും പൊതു പാര്‍ക്കുകള്‍, ദുബായ് ഡൈന്‍-ഇന്‍ റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കാനും അനുവദിച്ചിരുന്നു.
കൊറോണ വൈറസിന്റെ ദൈനംദിന കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യുഎഇ രാജ്യവ്യാപകമായി കര്‍ഫ്യൂ നീട്ടാന്‍ കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നെങ്കിലും ഈ നടപടി തിങ്കളാഴ്ച റദ്ദ് ചെയ്തു. യുഎഇയില്‍ തിങ്കളാഴ്ച 822 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 30,307 ആയി. 248 പേര്‍ മരണമടഞ്ഞു.