
ആംസ്റ്റര്‍ഡാം: നിസ്സാന്‍ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോന്‍ ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റിയ 50 ലക്ഷം യൂറോ (43.5 കോടി രൂപ) തിരിച്ചടയ്ക്കണമെന്ന് നെതര്‍ലന്‍ഡ്‌സിലെ കോടതിയുടെ വിധി. ആംസ്റ്റര്‍ഡാം കേന്ദ്രമായ നിസ്സാന്‍ മിറ്റ്‌സുബിഷി സംയുക്ത സംരംഭത്തിനാണ് പണം തിരികെ നല്‍കേണ്ടത്. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കൈപ്പറ്റിയ തുകയാണ് ഇത്.
തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടതിന്റെ പേരില്‍ 15 ദശലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഘോന്‍ നല്‍കിയ കേസ് തള്ളിക്കൊണ്ടാണ് കോടതിവിധി. ഗുരുതരമായ സാമ്പത്തിക തിരിമറിയെ തുടര്‍ന്നാണ് ഘോനെ നിസ്സാന്‍ പിരിച്ചുവിട്ടത്. ജപ്പാനില്‍ അറസ്റ്റിലായ ഘോന്‍ ജാമ്യത്തിലിറങ്ങി ലബനനിലേക്ക് കടക്കുകയായിരുന്നു. ഫ്രാന്‍സ്, ബ്രസീല്‍, ലബനന്‍ എന്നീ രാജ്യങ്ങളുടെ പൗരത്വം ഉള്ള വ്യക്തിയാണ് കാര്‍ലോസ് ഘോന്‍.