2020ല്‍ ഇ-കൊമേഴ്‌സ്, ഒടിടി, ഗെയിമിംഗ് മേഖലകളില്‍ 100 ശതമാനം വളര്‍ച്ച

April 20, 2021 |
|
News

                  2020ല്‍ ഇ-കൊമേഴ്‌സ്, ഒടിടി, ഗെയിമിംഗ് മേഖലകളില്‍ 100 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച സവിശേഷ സാഹചര്യം കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍, ഇന്‍ഡോര്‍ വിനോദം, ഗെയിമിംഗ് വ്യവസായങ്ങളുടെ കുതിച്ചുചാട്ടത്തിന് ഇടയാക്കി. ഈ മേഖലകളെല്ലാം 2020ല്‍ നൂറുശതമാനത്തിനു മുകളില്‍ വളര്‍ച്ച കൈവരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വര്‍ഷത്തില്‍ ഏറെ സമയവും തിയറ്ററുകള്‍ പൂട്ടിക്കിടന്നതിനാല്‍ ഒടിടി വിഭാഗത്തില്‍ നടന്ന ഇടപാടുകളുടെ എണ്ണം 144 ശതമാനം വര്‍ധിച്ചതായി ഓണ്‍ലൈന്‍ പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാക്കളായ പേയു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപക്ഷേിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളിലെ മൊത്തം ഇടപാടുകളുടെ മൂല്യം 139 ശതമാനമാണ് ഉയര്‍ന്നത്.   

പകര്‍ച്ചവ്യാധി ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് വലിയ ഉത്തേജനം നല്‍കി, ഇത് പേയു പ്ലാറ്റ്‌ഫോമിലെ ഇടപാടുകളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയും മൂല്യത്തില്‍ 23 ശതമാനം വര്‍ധനയും സൃഷ്ടിച്ചു. ഉത്സവ സീസണില്‍ (ഒക്ടോബര്‍-ഡിസംബര്‍ 2020) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടായി എന്നതാണ് ശ്രദ്ധേയം. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ 2020ല്‍ യുപിഐ ഇടപാടുകളുടെ എണ്ണം 288 ശതമാനവും യുപിഐ വഴിയുള്ള ചെലവിടലിന്റെ മൂല്യം 331 ശതമാനവും വര്‍ധിച്ചു.   

ഗെയിമിംഗ് വിഭാഗത്തിലെ ചെലവിടലില്‍ 100 ശതമാനം വര്‍ധനയും ശരാശരി ഇടപാട് മൂല്യത്തില്‍ 154 ശതമാനം വര്‍ധനയുമുണ്ടായി. ഗെയിമിംഗിനും വിനോദത്തിനുമായി, രാത്രിയില്‍ നടത്തുന്ന ഇടപാടുകളുടെ എണ്ണം 34 ശതമാനം വര്‍ദ്ധിച്ചു, എന്നാല്‍ പകല്‍ ഇടപാടുകളുടെ എണ്ണം 2020ല്‍ 11 ശതമാനം കുറഞ്ഞു. ഇത് വര്‍ക്ക് ഫ്രം ഹോം സാഹചര്യം വര്‍ധിച്ചതിന്റെ കൂടി പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഏറ്റവുമധികം ഇടിവ് ഇടപാടുകളില്‍ ഉണ്ടായത് ട്രാവല്‍-ഹോസ്പിറ്റാലിറ്റി വിഭാഗത്തിലാണ്. 2020 ജനുവരി-മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇടപാടുകളുടെയും ചെലവിടലിന്റെയും കാര്യത്തില്‍ 86 ശതമാനം ഇടിവാണുണ്ടായത്. 2019 നെ അപേക്ഷിച്ച് 2020ല്‍ ഈ വിഭാഗത്തിലെ ഇടപാടുകളുടെ എണ്ണത്തില്‍ 46 ശതമാനം ഇടിവും ചെലവിടലില്‍ 52 ശതമാനവും കുറവുണ്ടായി. ഇടപാടുകളുടെ എണ്ണത്തില്‍ 78 ശതമാനം വര്‍ധനയും ചെലവിടലില്‍ 44 ശതമാനം വര്‍ധനയുമാണ് എഡ്‌ടെക് വിഭാഗം സ്വന്തമാക്കിയത്.

Related Articles

© 2021 Financial Views. All Rights Reserved