
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടം ഓഗസ്റ്റ് അവസാനത്തോടെ കേന്ദ്രം അന്തിമമാക്കും എന്ന് റിപ്പോര്‍ട്ടുകള്‍. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്‌സ് കമ്പനികള്‍ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്പനികളുടെ പ്രതികരണം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുകയാണ്.
വിപണിയെ ദുരുപയോഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകള്‍ കരട് ചട്ടത്തിലുണ്ട്. മുഖ്യ കംപ്ലെയിന്‍സ് ഉദ്യോഗസ്ഥന്‍, പരാതി പരിഹാരത്തിനുളള ഗ്രീവന്‍സ് ഓഫീസര്‍, നിയമ സംവിധാനങ്ങളുമായുളള ഏകോപനത്തിനായി പ്രവര്‍ത്തിക്കേണ്ട നോഡല്‍ ഓഫീസര്‍ എന്നിവരെ കമ്പനി നിയമിക്കണമെന്നും കരട് ചട്ടം നിര്‍ദ്ദേശിക്കുന്നു. നിശ്ചിത ഇടവേളകളിലും ഉത്സവ ദിവസങ്ങളിലും നടത്തുന്ന വിലക്കിഴിവ് ഉറപ്പാക്കുന്ന ഫ്‌ലാഷ് സെയില്‍ നിരോധിക്കില്ല. എന്നാല്‍, അപ്രായോഗികമായ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കല്‍ തടയാനും കരട് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.