
ന്യൂഡല്‍ഹി: 20 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും (ബി2ബി) ഏപ്രില്‍ ഒന്നു മുതല്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സ് നിര്‍ബന്ധമായിരിക്കുമെന്ന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) അറിയിച്ചു. ജിഎസ്ടി നിയമത്തിന് കീഴില്‍ വരുന്ന, 500 കോടിക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികളുടെ ബി2ബി ഇടപാടുകള്‍ക്ക് 2020 ഒക്ടോബര്‍ ഒന്നു മുതല്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കിയിരുന്നു.
പിന്നീട് 2021 ജനുവരി ഒന്നു മുതല്‍ ഈ നിബന്ധന 100 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്കും നിര്‍ബന്ധമാക്കി. ശേഷം 2021 ഏപ്രില്‍ മുതല്‍ വിറ്റുവരവിന്റെ പരിധി 50 കോടിയായി കുറച്ചു. ഇതാണിപ്പോള്‍ വീണ്ടും 20 കോടിക്ക് മുകളില്‍ വിറ്റുവരവുള്ള എല്ലാ കമ്പനികളുടെ ഇടപാടുകള്‍ക്കും ബാധകമാക്കിയിരിക്കുന്നത്. അതോടൊപ്പം വിതരണക്കാര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ ഇ-ഇന്‍വോയ്‌സ് ആവശ്യമാണെന്ന് സിബിസിഐ അറിയിച്ചു. ഇ-ഇന്‍വോയ്‌സ് സമര്‍പ്പിച്ചില്ലെങ്കിലും ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് (നികുതി ഇളവ്) ലഭിക്കില്ലെന്ന് മാത്രമല്ല അപേക്ഷകന്‍ പിഴ ഒടുക്കേണ്ടിയും വരും.