
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്നും പടിയിറങ്ങി പീറ്റര്‍ തീല്‍. 2005 മുതല്‍ കമ്പനിയുടെ ബോര്‍ഡില്‍ ഉണ്ടായിരുന്ന ആദ്യകാല നിക്ഷേപകനാണ് പീറ്റര്‍ തീല്‍. തിങ്കളാഴ്ചയാണ് വിരമിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ പേപാലിന്റെ സഹസ്ഥാപകനും സിലിക്കണ്‍ വാലിയിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ അപൂര്‍വ ശബ്ദവുമായ തീല്‍, 2004-ല്‍ ഫെയ്സ്ബുക്ക് നിക്ഷേപകനായി. കമ്പനിയ്ക്ക് 5 മില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന സമയത്ത് 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് തീല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനമുറപ്പിക്കുന്നത്.
മെറ്റയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗ് വരെ തീല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കും. എന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പിന് നില്‍ക്കില്ലെന്ന് വ്യക്തമാക്കി. അടുത്തിടെ മെറ്റയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് പ്രഖ്യാപനം. തിങ്കളാഴ്ച സ്റ്റോക്ക് 5.1 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം അതിന്റെ മൂല്യത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോഴും കമ്പനിയ്ക്ക് 600 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ട്. സുക്കര്‍ബര്‍ഗിന് നല്ല വാക്കുകള്‍ നല്‍കിയാണ് തീല്‍ യാത്രയായത്. കമ്പനിയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ മെറ്റയെ നന്നായി സേവിക്കുമെന്ന് ബോര്‍ഡില്‍ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് തീല്‍ പ്രസ്താവനയില്‍ പറഞ്ഞു.