ഉദാര സാമ്പത്തിക നയം ഉടന്‍ അവസാനിപ്പിച്ചേക്കും; ഇനി ചെലവേറും

December 24, 2021 |
|
News

                  ഉദാര സാമ്പത്തിക നയം ഉടന്‍ അവസാനിപ്പിച്ചേക്കും; ഇനി ചെലവേറും

കോവിഡ്, വിപണികളിലെ സാമ്പത്തിക ഞെരുക്കം എന്നീ കാരണങ്ങളാല്‍ മാസങ്ങളായി ഉദാരമായ സാമ്പത്തിക നയം പിന്തുടരുന്ന ഇന്ത്യ ഇളവുകള്‍ ഉടനെ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. കോവിഡ് രണ്ടാംതരംഗവും, ഒമിക്രോണുമാണ് സാധാരണ നിരക്കുകളിലേക്കുള്ള നീക്കത്തെ വൈകിപ്പിച്ച കാരണങ്ങള്‍. അതേസമയം ഫെബ്രുവരിയിലെ ധനനയ യോഗത്തില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് ആര്‍.ബി.ഐയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഈ മാസം ആദ്യം നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ് സൂചിപ്പിക്കുന്നത്, നിലവിലെ നയത്തില്‍ തിരുത്തലിന്റെ സമയം അതിക്രമിച്ചെന്നാണ്. ഒമിക്രോണ്‍, പണപ്പെരുപ്പം ഘടകങ്ങള്‍ മാത്രം പരിഗണിച്ചാണ് കഴിഞ്ഞ യോഗത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ തുടര്‍ന്നത്. നിലവില്‍ രാജ്യത്ത് റിപ്പോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമാണ്. വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനും സുസ്ഥിരമായി നിലനിര്‍ത്താനും നിക്ഷേപസ്വരം അക്കോമഡേറ്റീവ് ആയും നിലനിര്‍ത്തിയിട്ടുണ്ട്. യു.എസ്. ഫെഡ് റിസര്‍വും ഇളവുകള്‍ ഉടനെ അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

നിരക്കുകള്‍ ഉയരുന്നത് പൊതുജനത്തെ സംബന്ധിച്ചു ഒരുപോലെ നേട്ടവും, കോട്ടവുമാണ്. വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആര്‍.ബി.ഐയുടെ നീക്കം അത്ര ഗുണകരമല്ല. ഇത്തരക്കാര്‍ ഫെബ്രുവരിക്ക് മുമ്പ് വായ്പകള്‍ കരസ്ഥമാക്കുന്നതാകും നല്ലത്. കാരണം നിലവില്‍ നിരക്കുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്. നിരക്കുകള്‍ ഉയര്‍ത്തുന്നത് നിക്ഷേപകരെ സംബന്ധിച്ചു ഗുണമാണ്. പലിശ വരുമാനം വര്‍ധിക്കാന്‍ ഇതുവഴിവയ്ക്കും. വളര്‍ച്ചാ ആശങ്കകളില്‍ ചില അയവ് വരുത്തി പണപ്പെരുപ്പത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാനാണ് നീക്കം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികവര്‍ഷത്തിന്റെ ബാക്കി കാലയളവിലും തുടര്‍ച്ചയായ വീണ്ടെടുക്കലിന് സാധ്യതയുണ്ട്, കൂടാതെ 2022-23 ലും ആരോഗ്യകരമായ വളര്‍ച്ചയാണ് പ്രവചനമെന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫസര്‍ ജെ.ആര്‍. വര്‍മ വ്യക്തമാക്കുന്നു.

ത്രൈമാസ ജി.ഡി.പി. കണക്കുകള്‍ സമ്പദ് വ്യവസ്ഥയുടെ തുടര്‍ച്ചയായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. കോണ്‍സ്റ്റന്റ് പ്രൈസില്‍ ജി.ഡി.പി. 8.4 ശതമാനം വളര്‍ന്നു. സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ വളര്‍ച്ച 20.1 ശതമാനമായിരുന്നു. ഒക്ടോബര്‍ പാദത്തില്‍ ആര്‍.ബി.ഐ. പ്രവചിച്ച് 7.9 ശതമാനം വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ് നിലവില്‍ രാജ്യം കൈവരിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. പണപ്പെരുപ്പം ഇപ്പോഴും ഭീഷണിയാണ്. വളര്‍ച്ച ഇനിയും മെച്ചപ്പെടുകയാണെങ്കില്‍ പണപ്പെരുപ്പ പ്രതീക്ഷകള്‍ കുറയ്ക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി കഴിഞ്ഞു.

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ 14.2 ശതമാനമാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും നാലു ശതമാനം മറികടന്ന് 4.9 ശതമാനത്തിലെത്തി. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പണപ്പെരുപ്പം ഉയരുമെന്നാണു വിലയിരുത്തല്‍. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്താ ദാസും നിരക്കു വര്‍ധനയുടെ സൂചനകള്‍ നല്‍കി കഴിഞ്ഞു.

Read more topics: # എംപിസി, # MPC,

Related Articles

© 2025 Financial Views. All Rights Reserved