
ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം പ്രതിസന്ധിയിലായ കൂടുതല്‍ വ്യവസായ മേഖലകളിലേക്ക് അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) ധനകാര്യ മന്ത്രാലയം വ്യാപിപ്പിച്ചു. സര്‍ക്കാര്‍ ഗ്യാരണ്ടീഡ് വായ്പകള്‍ നേടുന്നതിന് കൂടുതല്‍ ബിസിനസുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ ഘട്ടത്തെ വിപുലീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ആത്മനിര്‍ഭര്‍ ഭാരത് 3.0 പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് നടപടികള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയോഗിച്ച കെ വി കമാത്ത് കമ്മിറ്റിയും ആരോഗ്യമേഖലയും തിരഞ്ഞെടുത്ത 26 സമ്മര്‍ദ്ദ മേഖലകള്‍ക്ക് ഇസിഎല്‍ജിഎസ് 2.0 പദ്ധതി ധനസഹായം നല്‍കും. 2020 ഫെബ്രുവരി 29 ന് 50 കോടിക്ക് മുകളിലുളളതും 500 കോടിയില്‍ കവിയാത്തതുമായ വായ്പകള്‍ക്കാണ് ഇളവ് ലഭിക്കുന്നത്.
നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് പൂര്‍ണ്ണമായും ഉറപ്പുനല്‍കുന്ന ഒരു കൊളാറ്ററല്‍ ഫ്രീ ക്രെഡിറ്റ് എന്ന നിലയില്‍ സ്‌കീമിന് കീഴില്‍ വായ്പയെടുക്കുന്നവര്‍ക്ക് അവരുടെ മൊത്തം കുടിശ്ശികയുടെ 20% വരെ അധിക ഫണ്ട് ലഭിക്കും. വായ്പയ്ക്ക് അഞ്ച് വര്‍ഷത്തെ കാലവധിയും 12 മാസത്തെ മൊറട്ടോറിയവും ലഭിക്കും.