
ഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പ്രതിനിധികളുമായി ധനകാര്യ സെക്രട്ടറി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വിദേശ ഫണ്ടിന്റെ ഒഴുക്ക് വര്‍ധിക്കുകയും ചില വിഭാഗത്തില്‍ പെടുന്ന നിക്ഷേപകര്‍ക്ക് മേല്‍ സര്‍ച്ചാര്‍ജ് ചുമത്തുകയും ചെയ്യേണ്ടി വരുന്ന സാഹചര്യമിരിക്കേയാണ് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായിരിക്കുന്നത്. മാത്രമല്ല കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പുറമേ സോവറീന്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ കൂടുതലൊന്നും ചെയ്തിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വൈകാതെ തന്നെ ധനകാര്യ സെക്രട്ടറി അതാനു ചക്രബര്‍ത്തി നിക്ഷേപകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
2019-20 ബജറ്റില്‍, നികുതി നല്‍കാവുന്ന വരുമാനത്തില്‍ 2 കോടി വരെയുള്ളവയ്ക്ക് സര്‍ചാര്‍ജ് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായും 5 കോടിക്ക് മുകളിലുള്ള വരുമാനത്തിന് 15 ശതമാനത്തില്‍ നിന്ന് 37 ശതമാനമായും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ട്രസ്റ്റുകളായി അല്ലെങ്കില്‍ വ്യക്തികളുടെ അസോസിയേഷനായി പ്രവര്‍ത്തിക്കുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കും ഇത് ബാധകമാണ്.
ഈ മാസത്തെ ആദ്യ രണ്ട് സെഷനുകളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും 2,881 കോടി രൂപയാണ് പിന്‍വലിച്ചത്. ആഗോളതലത്തില്‍ ഉയരുന്ന പ്രതിസന്ധികളും ആഭ്യന്തര സമ്മര്‍ദ്ദങ്ങളുമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് വെല്ലുവിളിയാകുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്നും 2,632.58 കോടി രൂപയാണ് പിന്‍വലിച്ചത്.
ഡെബ്റ്റ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 248.52 കോടി രൂപയും. ആകെ ആഗസ്റ്റ് ഒന്നും രണ്ടിനുമായി പിന്‍വലിച്ചത് 2,881.10 കോടി രൂപയാണ്. ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ 31 വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 2,985.88 കോടി രൂപയാണ്. വിദേശ നിക്ഷേപകരുടെ മൂലധന വിപണിയില്‍ നിന്നുളള പിന്‍മാറ്റം വലിയ സമ്മര്‍ദ്ദം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.