
ഡല്‍ഹി : ഇന്ത്യ സാമ്പത്തിക രംഗത്ത് മാന്ദ്യം നേരിടുകയാണെന്ന പ്രചരണം ശക്തമാകുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നത്. ഇപ്പോള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ ദുരവസ്ഥ കണക്കിലെടുത്താല്‍ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ എന്നത് സര്‍ക്കാരിന് എത്തിപ്പിടിക്കാനാവാത്ത സ്വപ്‌നമാണെന്നും സാമ്പത്തിക സ്ഥിതി തകര്‍ന്നു എന്ന് സര്‍ക്കാര്‍ സമ്മതിക്കുകയും വേണമെന്നും മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ 2.70 ലക്ഷം കോടി ഡോളറിന്റെയായിരുന്നുവെന്നും 2024ഓടെ ഇത് അഞ്ച് ലക്ഷം കോടി രൂപയില്‍ എത്തിച്ചേരണമെങ്കില്‍ കുറഞ്ഞത് 9% യഥാര്‍ഥ വളര്‍ച്ച മുതല്‍ 12% വരെയുള്ള നാമമാത്ര വളര്‍ച്ചയെങ്കിലും വേണം. ഇപ്പോള്‍ രാജ്യത്തെ സ്ഥിതി കണക്കിലെടുത്താല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക സ്ഥിതി തകര്‍ന്നു എന്നു സര്‍ക്കാര്‍ അംഗീകരിക്കുകയും ഗ്രാമീണ മേഖലകളിലും മറ്റും ആവശ്യം വര്‍ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. 2008ല്‍ സമാന സ്ഥിതി നേരിട്ടപ്പോള്‍ തന്റെ സര്‍ക്കാര്‍ അതിനെ ഒരു അവസരമാക്കി മാറ്റി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണു ചെയ്തത്. യുഎസ് ചൈന വാണിജ്യ പ്രശ്‌നങ്ങളടക്കമുള്ള സാഹചര്യങ്ങളെ മുതലെടുക്കാനുള്ള നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ല.
നിക്ഷേപങ്ങള്‍ ഉയരുന്നില്ല. ഓട്ടമൊബീല്‍ വ്യവസായം വിലപിക്കുകയാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 10 ലക്ഷം പേര്‍ക്കെങ്കിലും ആ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടും. വരുമാന വളര്‍ച്ച തുടര്‍ച്ചയായി കുറഞ്ഞാല്‍ അത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുന്നതിനെ ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണമെന്നും മന്‍മോഹന്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോള്‍ ഓഹരിയില്‍ കനത്ത നഷ്ടമെന്ന് റിപ്പോര്‍ട്ട്
മോദി 2.0 അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോള്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടമാണ് നേരിടുന്നത് എന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പ് പുറത്ത് വന്നിരുന്നു. നിക്ഷേപകര്‍ക്ക് 12.5 ലക്ഷം കോടി രൂപ നഷ്ടമായെന്നും കഴിഞ്ഞ ദിവസം ക്ലോസിങ് നടത്തിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ മൊത്തം വിപണി മൂല്യം 1,41,15,316.39 കോടിയായി കുറഞ്ഞുവെന്നും വ്യക്തമാകുന്നു. 1,53,62,936,40 കോടി രൂപയായിരുന്നു മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള മൂല്യം.
സെന്‍സെക്‌സ് 100 ദിവസം കൊണ്ട് 2,357 പോയന്റ് ഇടിഞ്ഞിരുന്നു. അതായത് 5.96ശതമാനം. നിഫ്റ്റിയാകട്ടെ 858 പോയന്റും(7.23ശതമാനം)താഴെപ്പോയി. സാമ്പത്തിക മേഖലയിലെ തളര്‍ച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, കോര്‍പ്പറേറ്റ് മേഖലയിലെ വരുമാനമിടിവ് തുടങ്ങിയവ വിപണിയെ ബാധിക്കാനിടയാക്കി.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ വിദേശ നിക്ഷേപകര്‍ക്ക് സൂപ്പര്‍ റിച്ച് ടാക്‌സ് ഏര്‍പ്പെടുത്തിയത് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് കൂട്ടത്തോടെ പാലായനം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. നാഷണല്‍ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എന്‍എസ്ഡിഎല്‍)കണക്കുപ്രകാരം 28,260.50 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്.