കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു; ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി; വിവിധ കമ്പനികള്‍ തൊഴിലുകള്‍ വെട്ടികുറക്കാനുള്ള നീക്കവും ശക്തമാക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയ്ക്കേറ്റത് വലിയ പരിക്ക്; സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും മുക്തമാകാതെ ലോകം

February 20, 2020 |
|
News

                  കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു; ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി; വിവിധ കമ്പനികള്‍ തൊഴിലുകള്‍ വെട്ടികുറക്കാനുള്ള നീക്കവും ശക്തമാക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയ്ക്കേറ്റത് വലിയ പരിക്ക്; സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും മുക്തമാകാതെ ലോകം

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന അമേരിക്കയെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ പടര്‍ന്നിരിക്കുന്ന കൊറോണ, ഈ നീക്കത്തെ തടയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ ഉത്പാദനവും, വ്യവസായങ്ങളും, ഗതാഗതവും എല്ലാം സ്തംഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ലോകരാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റുമതി നടത്തുന്ന ഒരു രാജ്യമെന്ന നിലയില്‍ ചൈനയുടെ തകര്‍ച്ച ആഗോളതലത്തില്‍ത്തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. നിര്‍മ്മാണരംഗത്തും സാമ്പത്തിക രംഗത്തും ചരക്ക് വിപണിയിലും ബാങ്കിംഗ് മേഖലയിലും എല്ലാം ആ പ്രതിസന്ധി ഇതിനോടകം അനുഭവവേദ്യമാകാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനാല്‍ മറ്റ് തൊഴില്‍മേഖലകള്‍ക്ക് സമാനമായി ബാങ്കിങ് സെക്ടറിലും തസ്തികകള്‍ വെട്ടിക്കുറക്കുന്നു. നിലവില്‍ 235000 പേരാണ് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായി പരിഗണിക്കപ്പെടുന്ന എച്ച്എസ്ബിസി ഹോള്‍ഡിങ്സിനുള്ളത്. പ്രധാന വിപണികളിലെ വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂനിയനില്‍ നിന്് ബ്രിട്ടന്‍ പിന്മാറിയതും കുറഞ്ഞ പലിശ നിരക്കുകളും മൂലം പ്രതിസന്ധിയിലായ ബാങ്കിന് കൊറോണ വൈറസ് ബാധയും വെല്ലുവിളിയായിട്ടുണ്ട്. ഹോങ്കോങിലെ എച്ച്എസ്ബിസി ബാങ്ക് 35000 തൊഴിലവസരങ്ങളാണ് വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടനിലെ ബാങ്കിന്റെ വളര്‍ച്ച ഭൂരിപക്ഷവും ചൈനയെ ആശ്രയിച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറും ചൈനയില്‍ ഉണ്ടായ പ്രതിസന്ധികളുടെ ഇരകളാകുമെന്നതില്‍ തര്‍ക്കമില്ല.മറ്റ് വാഹന നിര്‍മ്മാതാക്കളെപ്പോലെ പ്രധാനമായും അവരുടെ നിര്‍മ്മാണത്തിനാവശ്യമായ പാര്‍ട്‌സുകള്‍ എല്ലാം ചൈനയുടെ കുത്തകയാണ്. ഫിയേറ്റ്, റിനോള്‍ട്ട്, ഹ്യുണ്ടായി തുടങ്ങിയവരെല്ലാം പ്രതിസന്ധി നേരിടുന്നവരുടെ കൂട്ടത്തിലാണ്. 

ആപ്പിളിന്റേതടക്കമുള്ള വിപണി മോശമായതിന് പിന്നാലെ യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റും ഇടിഞ്ഞിരുന്നു. അതിനും കാരണക്കാരായത് ആഗോള സാമ്പത്തിക ശക്തികേന്ദ്രമായി മാറിയേക്കാമായിരുന്ന ചൈനയിലുണ്ടായ തകര്‍ച്ചയാണ്. എസ് ആന്‍ഡ് പി സൂചിക 0.3 ശതമാനം ഇടിഞ്ഞിരുന്നു. സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പവുമുണ്ടാകുമെന്ന് നിക്ഷേപകരുടെ പ്രതീക്ഷയും അതോടെ തകര്‍ന്നു. 

മറ്റ് മേഖലകളെപ്പോലെ തന്നെ കൊറോണ ബാധ എണ്ണ ഉത്പാദന-വിതരണ മേഖലയേയും ബാധിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ യാത്രാവിലക്കുകളും മറ്റ് പ്രതിസന്ധികളും എണ്ണ വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചൈനയിലെ വ്യവസായങ്ങളില്‍ വന്നിട്ടുള്ള മാന്ദ്യം എണ്ണയുടെ ഇറക്കുമതിയേയും കാര്യമായി ബാധിക്കുമെന്ന് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. മാന്ദ്യത്തെത്തുടര്‍ന്ന് രണ്ടാം പാദത്തിലെ ഉത്പാദനം വെട്ടിക്കുറക്കണമെന്ന സമ്മര്‍ദ്ദത്തിലാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക്. ഈ സാഹചര്യത്തില്‍ ലോകം മുഴുവന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനൊരുങ്ങേണ്ടി വരുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved