
- ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കാനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളെ കണ്ടു. ചെറുകിട - ഇടത്തരം വ്യാപാരികള്‍, ചെറുകിട സംരഭങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെ ധനമന്ത്രി നടത്തിയത്.
ധനമന്ത്രി ഇന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ - - രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക നല്‍കിയത്.
- 3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചിലവിട്ടു. ഈ പലിശയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല.
- ആകെ ഒന്‍പത് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികള്‍ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും. കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയ്ക്കും തുടര്‍ന്നും പണലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി അറിയിച്ചു.
- 11002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ഇതിനോടകം കൈമാറിയതാണ് ധനമന്ത്രി അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ നിധി മുഖേനയാണ് ഈ തുക കൈമാറിയത്. അഭയ കേന്ദ്രങ്ങള്‍ക്കും ഭക്ഷണം നല്കാനും കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര്‍ വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
- 2.33 കോടി ആളുകളാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു വരെ 10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി നല്‍കി. തൊഴില്‍ ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.
- കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധി ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നതായി ധനമന്ത്രി പറഞ്ഞു. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും അടുത്ത രണ്ട് മാസത്തേക്ക് സൗജന്യഭക്ഷ്യധാന്യം വിതരണം ചെയ്യും. തൊഴിലാളികളുടെ മിനിമം വേതനം 182-ല്‍ നിന്നും 202- ആയി ഉയര്‍ത്തി.
- റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും. അഞ്ച് കിലോ ഗോതമ്പോ അല്ലെങ്കില്‍ അരിയോ നല്‍കും.ഇതോടൊപ്പം ഒരു കിലോ കടലയും വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും.
- തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒരുതരത്തിലുള്ള വിവേചനവും നേരിടിരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും.
- ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏത് റേഷന്‍ കാര്‍ഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ കേന്ദ്രഭരണപ്രദേശത്ത് നിന്നോ ഇനി ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാം. വരുന്ന ഓഗസ്റ്റ് മുതല്‍ രാജ്യത്തെ 67 കോടി ആളുകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
- കുടിയേറ്റ തൊഴിലാളികള്‍ക്കും നഗരമേഖലയിലെ ദരിദ്രര്‍ക്കുമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഫണ്ട് ഉപയോഗപ്പെടുത്തി കുറഞ്ഞ തുകയ്ക്ക് വാടക വീടുകള്‍ സജ്ജമാക്കും. പൊതു,സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. നഗരമേഖലകളില്‍ ഇതിനായി വാടക വീടുകള്‍ സജ്ജമാക്കും.
- മുദ്ര ശിശു വായ്പകളില്‍ രണ്ട് ശതമാനം പലിശ സബ്‌സ്ഡി. 12 മാസത്തേക്ക് 2 ശതമാനം പലിശ ഇളവ്. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 1500 കോടി നല്‍കും. ലഘു ഭവനവായ്പകള്‍ക്കുള്ള പലിശ സബ്‌സിഡി മാര്‍ച്ച് 2021 വരെ നീട്ടി.
- വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 5000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. വഴിയോര കച്ചവടക്കാര്‍ക്ക് 10000 രൂപ വരെ വായ്പ ഈ പദ്ധതിയിലൂടെ വായ്പയായി നല്‍കും.