
വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്നെതിരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. റഷ്യയ്ക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ച ബൈഡന്‍ ''റഷ്യയാണ് ആക്രമണകാരി എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍, ഞങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട് ' എന്ന് വൈറ്റ് ഹൗസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് യുക്രെയ്‌നിലെ രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച് പുടിന്‍ പ്രഖ്യാപനം നടത്തിയത്. ഈ പ്രദേശങ്ങള്‍ ഇനി യുക്രെയ്ന്റെ ഭാഗമല്ലെന്നും രാജ്യത്തിന്റെ പരമാധികാര പരിധിയില്‍ വരില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വാദിച്ചു. ലളിതമായി പറഞ്ഞാല്‍, യുക്രെയ്നിന്റെ ഒരു വലിയ ഭാഗം കൊത്തിയെടുക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നു, ബൈഡന്‍ പറഞ്ഞു.
അമേരിക്കയുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേര്‍ന്നാണ് ഈ ഉപരോധങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളതെന്നും റഷ്യ ആക്രമണം പരോക്ഷമാക്കിയാല്‍ ഉപരോധം വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയിലെ രണ്ട് വലിയ ധനകാര്യ സ്ഥാപനങ്ങളായ വിഇബി, സൈനിക ബാങ്കുകള്‍ എന്നിവയ്ക്ക് മേല്‍ പൂര്‍ണ്ണ ഉപരോധം കൊണ്ടുവരികയാണ്. റഷ്യന്‍ സോവറിന് ഡെറ്റിലും സമഗ്രമായ ഉപരോധങ്ങള്‍ നടപ്പിലാക്കുകയാണ്. ഇതിനര്‍ത്ഥം റഷ്യന്‍ സര്‍ക്കാരിന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ധനസഹായം ഇല്ലാതാക്കി എന്നാണ്. ഇതുവഴി പണം സ്വരൂപിക്കാന്‍ റഷ്യയ്ക്ക് ഇനി കഴിയില്ല, മാത്രമല്ല അമേരിക്കയുടെ വിപണികളിലോ യൂറോപ്യന്‍ വിപണികളിലോ പുതിയ കടപ്പത്രത്തില്‍ വ്യാപാരം നടത്താനും കഴിയില്ല. നാളെ മുതല്‍ ആരംഭിക്കുന്ന നിയന്തണം വരും ദിവസങ്ങളിലും തുടരും. റഷ്യയിലെ ഉന്നതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും.
ബ്രിട്ടന്‍ ഏതാനും വ്യക്തികള്‍ക്കും ബാങ്കുകള്‍ക്കും ഉപരോധം പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയന്‍ കടുത്ത നടപടികള്‍ ആലോചിക്കുകയാണ്. റഷ്യയില്‍നിന്നു ജര്‍മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 വാതക പൈപ്ലൈന്‍ പദ്ധതി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മരവിപ്പിച്ചു. യുക്രെയ്ന്‍ വഴിയല്ലാതെ ജര്‍മനിയിലേക്കു വാതകമെത്തിക്കാനുള്ള പദ്ധതിക്കെതിരെ നേരത്തേ തന്നെ യുഎസും യൂറോപ്യന്‍ യൂണിയനും യുക്രെയ്‌നും എതിരാണ്. പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു. സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ് റഷ്യയെന്ന് സെലന്‍സ്‌കി പറഞ്ഞു.