
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു സാമ്പത്തിക സര്‍വേ. കോവിഡ് വാക്‌സിനേഷനും വിപണിയുടെ തിരിച്ചുവരവും ജനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ കൂടിയതും വളര്‍ച്ചയെ ഗുണകരമായി സ്വാധീനിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേ പറയുന്നു.
തിങ്കളാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ സൂചനകളാണു സര്‍വേയിലൂടെ പുറത്തുവരുന്നത്. 1991ല്‍ വിപണി സ്വതന്ത്രമാക്കിയശേഷം രാജ്യത്തു സംഭവിക്കുന്ന വലിയ വളര്‍ച്ചയാകും വരുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. കോവിഡും ലോക്ഡൗണും കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നാലു ദശാബ്ദത്തിലെ ഏറ്റവും കുറവായ 7.7 ശതമാനമായിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയിലെ 'വി'യുടെ രൂപത്തിലാകും സാമ്പത്തിക വളര്‍ച്ച തിരിച്ചുവരികയെന്നും സര്‍വേ അവകാശപ്പെടുന്നു.
രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇനി വേണ്ടത്. വിളകള്‍ക്കു ന്യായവില ഉറപ്പാക്കും. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണു രാജ്യത്തു നടക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.