
വായ്പാ തട്ടിപ്പു കേസില്‍ ഒട്ടേറെ വിവാദങ്ങള്‍ നേരിട്ട വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് ഒടുവില്‍ നഷ്ടമാകുന്നത് 57.45 കോടി രൂപയുടെ സ്വത്ത്. എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. സ്വര്‍ണം, വെള്ളി, രത്‌നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും സ്വത്തുക്കള്‍ക്ക് പുറമെ അറ്റ്‌ലസ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. 242 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പേരിലുള്ളത്.
മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലെ ജ്വല്ലറി ഷോറൂമുകളില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ 26.50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങളിലെ ജ്വല്ലറിയില്‍ നിന്നാണ് ഈ തുകയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെ കണ്ടുകെട്ടിയത്. യുഎഇയില്‍ ജയിലില്‍ ആയിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ 2018-ല്‍ ആണ് ജയില്‍ മോചിതനായത്. 3.40 കോടി ദിര്‍ഹത്തിന്റെ സ്വത്ത് ബൗണ്‍സായതിന്റെ പേരില്‍ ദുബായി കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
ചെക്ക് തട്ടിപ്പ് കേസിനൊപ്പം 1,000 കോടി രൂപയുടെ ലോണ്‍ തിരിച്ചടയ്ക്കാത്തതും കണക്കിലെടുത്തായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ 2015 മുതല്‍ ജയില്‍ ശിക്ഷ നല്‍കിയത്. 1981ല്‍ കുവൈറ്റില്‍ ആണ് തൃശ്ശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യ ഷോറൂം സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 50-ഓളം ഷോറൂമുകള്‍. 350 കോടി ദിര്‍ഹം വിറ്റുവരവും ഒരു കാലത്ത് ഈ സ്ഥാപനത്തിനുണ്ടായിരുന്നു. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ 19 ഷോറൂമുകളും അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് ഷോറൂമുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടി. ജയില്‍ മുക്തനായ ശേഷം ബിസിനസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് നടപടി.