
ന്യൂഡല്‍ഹി: യെസ് ബാങ്ക് അഴിമതിക്കേസില്‍ നടപടികള്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്ക് മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റാണ കപൂറിന്റെ ലണ്ടനിലുളള ഫ്ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 13.5 മില്യണ്‍ പൗണ്ട്, അതായത് 127 കോടി രൂപ വില വരുന്ന ഫ്ളാറ്റ് ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
ഡുഇറ്റ് ക്രിയേഷന്‍സ് ജെഴ്സി ലിമിറ്റഡിന്റെ പേരില്‍ 2017ലാണ് റാണ കപൂര്‍ ലണ്ടനിലെ ഈ ഫ്ളാറ്റ് വാങ്ങിയത്. 93 കോടി രൂപയ്ക്കായിരുന്നു അന്ന് റാണ ഈ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നത് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ ഈ സ്വത്ത് വില്‍ക്കാന്‍ റാണ കപൂര്‍ ശ്രമം നടത്തുന്നതായി അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു.
ഫ്ളാറ്റ് വില്‍ക്കുന്നതിന് വേണ്ടി ഒരു പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റിനെ റാണ കപൂര്‍ ചുമതലപ്പെടുത്തിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ വെബ് സൈറ്റുകളില്‍ ഈ വസ്തുവകകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് റാണ കപൂറിന്റെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
മാര്‍ച്ചില്‍ സിബിഐ ആണ് റാണ കപൂറിന് എതിരെ രണ്ട് അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാണ കപൂറിന് എതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍ അന്വേഷണത്തിന് തുടക്കമിട്ടു. ഏപ്രിലിനും ജൂണിനും ഇടയില്‍ യെസ് ബാങ്ക് 3700 കോടി രൂപ ദിവാന്‍ ഹൗസിംഗ് ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. പകരമായി 600 കോടി രൂപ ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍ ആയ കപില്‍ വാധ്വാന്‍ റാണ കപൂറിന് നല്‍കിയതായും ആരോപണമുണ്ട്. കപൂറും ഭാര്യയും ചേര്‍ന്ന് അവാന്ത ഗ്രൂപ്പില്‍ നിന്നും യഥാര്‍ത്ഥ മൂല്യം കുറച്ച് കാണിച്ച് ബംഗ്ലാവ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. റാണ കപൂറിനെ കൂടാതെ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും ജുഡീഷ്യ കസ്റ്റഡിയിലാണ്.
നേരത്തെ റാണ കപൂറിന്റെ 1,400 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ന്യൂയോര്‍ക്ക്, മുംബൈ എന്നിവിടങ്ങളിലെ ആസ്തികളാണ് കണ്ടുകെട്ടിയത്. കൂടാതെ ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരുടെ 1,400 കോടിയുടെ സ്വത്തും കണ്ടുകെട്ടി. 685 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ ഒരു ബംഗ്ലാവ് ഉള്‍പ്പെടെ റാണ കപൂറിന്റെയും കുടുംബത്തിന്റേയും മുംബൈയിലെ പാര്‍പ്പിട സമുച്ചയങ്ങളും നിരവധി ഫ്ളാറ്റുകളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. സ്ഥിര നിക്ഷേപത്തില്‍ 50 കോടി രൂപയും ഏജന്‍സി പിടിച്ചെടുത്തിരുന്നു.