റെയ്ഡിന് പിന്നാലെ കാര്‍വി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിന്റെ 700 കോടി രൂപയുടെ ഓഹരികള്‍ മരവിപ്പിച്ച് ഇഡി

September 27, 2021 |
|
News

                  റെയ്ഡിന് പിന്നാലെ കാര്‍വി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിന്റെ 700 കോടി രൂപയുടെ ഓഹരികള്‍ മരവിപ്പിച്ച് ഇഡി

ന്യൂഡല്‍ഹി: കാര്‍വി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിന് തലവേദന. റെയ്ഡിന് പിന്നാലെ 700 കോടി രൂപയുടെ ഓഹരികള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. കമ്പനി സിഎംഡി പാര്‍ത്ഥസാരഥി അടക്കമുള്ളവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണത്തിന്റെ തുടര്‍ച്ചയാണ് നടപടി. നിലവില്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുദ ജയിലിലാണ് പാര്‍ത്ഥസാരഥിയുള്ളത്. തെലങ്കാന പൊലീസാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 22 ന് ഹൈദരാബാദിലെ കാര്‍വി ഗ്രൂപ്പിന്റെ ആറിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സി പാര്‍ത്ഥസാരഥിയുടെ വീട്ടിലടക്കമാണ് റെയ്ഡ് നടത്തിയിരുന്നത്.

നിരവധി വ്യാജരേഖകള്‍ റെയ്ഡില്‍ അന്വേഷണ ഏജന്‍സിക്ക് കിട്ടി. വ്യക്തിഗത ഡയറികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇ-മെയിലുകള്‍, വസ്തുവിന്റെ ആധാരം തുടങ്ങിയ രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഗ്രൂപ്പ് കമ്പനികളിലുള്ള ഓഹരികള്‍ സ്വകാര്യ ഇടപാടിലൂടെ കൈമാറ്റം ചെയ്യാനും അതുവഴി തനിക്കെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ വൈകിപ്പിക്കാനും പാര്‍ത്ഥസാരഥി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതായാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ഈ ഓഹരികള്‍ക്ക് 700 കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.

പാര്‍ത്ഥസാരഥിയുടെയും മക്കളായ രജതിന്റെയും അധിരജിന്റെയും പേരിലുണ്ടായിരുന്നതാണ് ഈ ഓഹരികള്‍. തങ്ങളുടെ ഇടപാാടുകാരുടെ ഓഹരികള്‍ പണയപ്പെടുത്തി കാര്‍വിി ഗ്രൂപ്പ് 329 കോടി രൂപ വായ്പയെടുത്തുവെന്നും പിന്നീട് ഈ തുക വകമാറ്റി ചെലവാക്കിയെന്നുമാണ് തെലങ്കാന പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഇതേത്തുടര്‍ന്നാണ് ഇഡിയും ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടപടിയെടുത്തത്.

Related Articles

© 2025 Financial Views. All Rights Reserved