70 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ക്ലാസ്പ്ലസ്

March 30, 2022 |
|
News

                  70 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ക്ലാസ്പ്ലസ്

ന്യൂഡല്‍ഹി: ആല്‍ഫ വേവ് ഗ്ലോബലും ടൈഗര്‍ ഗ്ലോബലും ചേര്‍ന്ന് നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ക്ലാസ്പ്ലസ് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 531 കോടി രൂപ) സമാഹരിച്ചു. സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി, അബുദാബി ആസ്ഥാനമായുള്ള ചിമേര വെഞ്ചേഴ്‌സ് പുതിയ നിക്ഷേപകനായി എത്തിയപ്പോള്‍ നിലവിലുള്ള നിക്ഷേപകരായ ആര്‍ടിപി ഗ്ലോബല്‍ കമ്പനിയിലെ നിക്ഷേപം ഇരട്ടിയാക്കി.

2021 ജൂണില്‍ സീരീസ് സി റൗണ്ടില്‍ 65 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം വരുന്ന പുതിയ റൗണ്ട് ഫണ്ടിംഗില്‍ ക്ലാസ്പ്ലസിന്റെ മൂല്യം ഇരട്ടിയായി 600 മില്യണ്‍ ഡോളറായി ഉയര്‍ന്നു, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2018ല്‍ മുകുള്‍ റുസ്തഗിയും ഭസ്വത് അഗര്‍വാളും ചേര്‍ന്നാണ് ക്ലാസ്പ്ലസ് സ്ഥാപിച്ചത്. അധ്യാപകര്‍ക്കും കണ്ടന്റുകള്‍ നല്‍കുന്നവര്‍ക്കും ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനും അനുവദിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ മൊബൈല്‍ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കുന്നു.

പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനും ക്ലാസ്പ്ലസിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വലുതും ശക്തവുമായ ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ സ്വാധീനം ചെലുത്താന്‍ അവരെ സഹായിക്കാനാകുമെന്ന് ക്ലാസ് പ്ലസ് സിഇഒയും സഹസ്ഥാപകനുമായ മുകുള്‍ റുസ്തഗി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ 3,000-ലധികം പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള ഒരു ലക്ഷത്തിലധികം അധ്യാപകരും ആശയങ്ങള്‍ നല്‍കുന്നവരും ഇതിനകം തന്നെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് ക്ലാസ് പ്ലസ് അവകാശപ്പെടുന്നു. സിംഗപ്പൂര്‍, വിയറ്റ്നാം, മലേഷ്യ എന്നിവയുള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ കമ്പനി അടുത്തിടെ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved