സ്വയം നിയന്ത്രണ സംവിധാനവുമായി ഇന്ത്യയിലെ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍

January 12, 2022 |
|
News

                  സ്വയം നിയന്ത്രണ സംവിധാനവുമായി ഇന്ത്യയിലെ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ബംഗളൂരു: ബൈജൂസ്, അണ്‍അകാഡമി, അപ്‌ഗ്രേഡ്, വേദാന്തു എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സ്വയം നിയന്ത്രണ ചട്ടം സ്വീകരിക്കാന്‍ ഒരുമിച്ചുവെന്നും ''പൊതു പെരുമാറ്റച്ചട്ടം'' പാലിക്കുമെന്നും തിങ്കളാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ച കത്തില്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ 'ഇന്ത്യ എഡ്ടെക് കണ്‍സോര്‍ഷ്യം' എന്ന പേരില്‍ പതിനഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് സ്വയംഭരണ സ്ഥാപനം രൂപീകരിച്ച് ഈ നീക്കം നടത്തിയത്. അതും അതിവേഗം വളരുന്ന മേഖലയെന്ന നിലയില്‍ റെഗുലേറ്ററി മേല്‍നോട്ടത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സമയത്ത്. അതേസമയം എഡ്ടെക് മേഖലയ്ക്കായി ഒരു നിയന്ത്രണ നയം രൂപീകരിക്കുന്നതിന് തന്റെ ഓഫീസ് നിയമ മന്ത്രാലയവുമായും ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായും ചര്‍ച്ച നടത്തുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

'ഉയര്‍ന്ന സുതാര്യതയോടെയും ഉപഭോക്തൃ താല്‍പ്പര്യത്തോടെയും ബിസിനസ്സ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രണ്ട്-തല പരാതി പരിഹാര സംവിധാനം' സ്ഥാപിക്കുമെന്ന് വ്യവസായ ഗ്രൂപ്പിംഗ് സര്‍ക്കാരിന് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഈ മേഖലയുടെ നിയന്ത്രണത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിനിടെയാണ് ഇന്ത്യന്‍ എഡ്ടെക് കമ്പനികളുടെ ചരിത്രത്തിലെ തന്നെ ആദ്യ നീക്കം. കോവിഡ് -19 ഇന്ത്യയില്‍ വ്യാപകമായതോടെ പല മേഖലകളും പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ നേട്ടം കൊയ്ത മേഖലയാണ് എഡ്ടെക്. ധാരാളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ കോഴ്സുകളിലേക്ക് കടന്നുവന്നിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved