
കെയ്റോ: വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെയും കടപ്പത്ര വില്‍പ്പനയുടെയും കരുത്തില്‍ 2022 മുതല്‍ ഈജിപ്ത് സമ്പദ് വ്യവസ്ഥ വളര്‍ച്ച വീണ്ടെടുത്ത് തുടങ്ങുമെന്ന് റേറ്റിംഗ്സ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍. സ്ഥിരതയുള്ള 'ആ/ആ' ക്രെഡിറ്റ് റേറ്റിംഗാണ് എസ് ആന്‍ഡ് പി ഈജിപ്തിന് നല്‍കിയത്. പൊതു, സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ 2022നും 2024നുമിടയില്‍ ഈജിപ്തിലെ ജിഡിപി വളര്‍ച്ച ശരാശരി 5.3 ശതമാനമായിരിക്കുമെന്നും എസ് ആന്‍ഡ് പി പ്രവചിച്ചു.
അതേസമയം കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതം വലിയ തോതില്‍ തിരിച്ചടിയായ 2021ല്‍ ഈജിപ്തില്‍ 2.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കണക്കാക്കപ്പെടുന്നത്. ടൂറിസം, നിര്‍മാണം, കെട്ടിട നിര്‍മാണം തുടങ്ങി സുപ്രധാന മേഖലകളെല്ലാം തന്നെ പകര്‍ച്ചവ്യാധിയില്‍ ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. എന്നിരുന്നാലും ഉയര്‍ന്ന ധനക്കമ്മിയും വലിയ രീതിയിലുള്ള കടബാധ്യതയും കുറഞ്ഞ വരുമാനവുമാണ് ഈജിപ്തിന്റെ ക്രെഡിറ്റ് റേറ്റിംഗിനെ കൂടുതല്‍ സ്വാധീനിച്ചത്.
എങ്കിലും ഊജിപ്ത് നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ധനകാര്യ പരിഷ്‌കാരങ്ങള്‍ വരുംകാല വളര്‍ച്ചയ്ക്ക് നേട്ടമാകുമെന്ന് റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി നിരീക്ഷിച്ചു. വളര്‍ച്ച വീണ്ടെടുക്കുകയും പലിശ നിരക്കുകള്‍ കുറയുകയും ചെയ്യുന്നത് റേറ്റിംഗ് മെച്ചപെടുത്താന്‍ രാജ്യത്തെ സഹായിക്കും. ഈജിപ്തിലെ വിദേശനാണ്യ കരുതല്‍ ശേഖരവും തദ്ദേശീയ, അന്തര്‍ദേശീയ കടപ്പത്ര വിപണികളിലെ രംഗപ്രവേശവും ഉയര്‍ന്ന വായ്പ ആവശ്യങ്ങളും കാലാവധിയെത്തിയ വായ്പകളുടെ തിരിച്ചടവും നികത്താന്‍ രാജ്യത്തെ സഹായിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും എസ് ആന്‍ഡ് പി പറഞ്ഞു.
വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാര്‍ രാജ്യത്തേക്ക് അയക്കുന്ന പ്രവാസിപ്പണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. മാത്രമല്ല, ഈ വര്‍ഷത്തെ ഉയര്‍ന്ന എണ്ണവില രാജ്യത്തെ എണ്ണക്കയറ്റുമതിയിലും ഇറക്കുമതിയിലും സന്തുലിതമായ സ്വാധീനമുണ്ടാക്കിയേക്കും. അതേസമയം പകര്‍ച്ചവ്യാധി ടൂറിസം മേഖലയെയും സൂയസ് കനാലിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തെയും ദോഷകരമായി ബാധിച്ചതിനാല്‍ രാജ്യത്തെ പ്രധാന വിദേശ വരുമാന സ്രോതസ്സുകള്‍ തുടര്‍ന്നും സമ്മര്‍ദ്ദത്തിലായിരിക്കുമെന്നും എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കി.