സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍; ഗുണനിലവാരവും സേവനവും പരിമിതം

August 11, 2021 |
|
News

                  സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍; ഗുണനിലവാരവും സേവനവും പരിമിതം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍. ഒരു വര്‍ഷം കൊണ്ട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് വഴി 7000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ട് വര്‍ഷത്തിനിടെ ആകെ വിറ്റത് 137 ഓട്ടോ മാത്രം. ബാറ്ററിയുടെ ഗുണനിലവാരം കുറഞ്ഞതും വില്‍പ്പനാനന്തര സേവനം നല്ല നിലയിലല്ലാത്തതും വായ്പാ സൗകര്യമില്ലാത്തതും ഡീലര്‍മാര്‍ ഓട്ടോ വാങ്ങുന്നത് നിര്‍ത്താന്‍ കാരണമായി.

ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവം തുടങ്ങുമ്പോള്‍ കേരള സര്‍ക്കാരും സ്വന്തമായി മുന്നിട്ടിറങ്ങി. പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലിന്റെ ഇലട്രിക് ഓട്ടോ നിരത്തിലിറക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷയും വളരെ വലുതായിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ കെഎഎല്‍ 137 ഓട്ടോകള്‍ മാത്രം നിരത്തിലിറക്കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ ഇഷ്ടം പോലെ വാഹനങ്ങളിറക്കി നിരത്തുകള്‍ കയ്യടക്കി.

കമ്പനി പറഞ്ഞപോലെ ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 80 മുതല്‍ 100 കിലോ മീറ്റര്‍ വരെ മൈലേജ് വളരെക്കുറച്ച് ഓട്ടോകള്‍ക്കേ കിട്ടിയുള്ളൂ. പക്ഷെ ക്രമേണ പല ഓട്ടോയും 40 കിലോമീറ്ററിനപ്പുറും ഓടാനാകാത്ത സ്ഥിതിയായി. മൈലേജ് കിട്ടാത്ത ബാറ്ററി കെഎഎല്‍ തിരിച്ചെടുക്കാതായതോടെ ഡീലമാര്‍മാര്‍ പിന്‍വാങ്ങി. ഇപ്പോള്‍ വില്‍ക്കുന്ന വിലയില്‍ നിന്ന് അരലക്ഷമെങ്കിലും കുറച്ച് വിപണി പിടിക്കാമായിരുന്നെങ്കിലും മാനേജ്‌മെന്റിന്റെ വീഴ്ച സ്വപ്ന പദ്ധതിയെത്തന്നെ തകര്‍ത്ത് കളഞ്ഞു.

ഇ വാഹനങ്ങള്‍ക്ക് 30000 രൂപ വരെ സബ്‌സിഡി നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്തതും കെഎഎല്‍ ഇ ഓട്ടോയോടുള്ള പ്രിയം കുറയാന്‍ കാരണമായി. ഇ-ഓട്ടോ വാങ്ങാന്‍ കെഎഫ്‌സി നല്‍കിക്കൊണ്ടിരുന്ന വായ്പ നിര്‍ത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൊടുക്കുന്ന വിലയ്ക്ക് മതിയായ ഗുണനിലവാരമില്ലാത്തതോടെ കെഎഎല്ലിന്റെ ഓട്ടോ നിര്‍മാണം തന്നെ പേരിന് മാത്രമായി. ഇ ഓട്ടോക്ക് പ്രശ്‌നങ്ങളില്ലെന്നും കൊവിഡ് മൂലമാണ് ഉത്പാദനം കുറഞ്ഞതെന്നുമാണ് കെഎഎല്‍ വിശദീകരണം.

Related Articles

© 2024 Financial Views. All Rights Reserved