
ഡല്‍ഹി : രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 64 നഗരങ്ങളിലേക്ക് 5595 വൈദ്യുത ബസുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഡല്‍ഹി മെട്രോ റെയിലിന്റെ അനുബന്ധ സര്‍വീസിനായി 100 എണ്ണവും 400 എണ്ണം ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കുമാവുമെന്നും അധികൃതര്‍ അറിയിച്ചു. മിച്ചമുള്ള ബസുകളെല്ലാം സിറ്റി സര്‍വീസുകള്‍ക്കും വേണ്ടിയാകും ഉപയോഗിക്കുക. കേരളത്തിനായി മിക്കവാറും 150 ബസുകള്‍ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് 100 ബസുകളും കോഴിക്കോടിനായി 50 എണ്ണവും ലഭിക്കും. ഇവയെല്ലാം സിറ്റി സര്‍വീസാകും നടത്തുക. എന്നാല്‍ സംസ്ഥാനത്തിന് ദീര്‍ഘദൂര ബസ് അനുവദിച്ചിട്ടില്ലെന്നാണ് സൂചന. വൈദ്യുതി വാഹന പ്രോത്സാഹന പദ്ധതിയായ 'ഫെയിം' രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണിത്. പദ്ധതി നിബന്ധനകള്‍ക്കനുസരിച്ചുള്ള ബസ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കുകയാണ് സംസ്ഥാനങ്ങള്‍ ഇനി ചെയ്യേണ്ടത്. പദ്ധതി കാലമായ 3 വര്‍ഷംകൊണ്ട് ഇത്രയും ബസുകള്‍ ആകെ 400 കോടി കിലോമീറ്റര്‍ ഓടുമെന്നും ഇതുവഴി 120 കോടി ലീറ്റര്‍ ഡീസല്‍ ലാഭിക്കാനാകുമെന്നുമാണു കണക്കാക്കുന്നത്. കാര്‍ബണ്‍ നിര്‍ഗമനം 26 ലക്ഷം ടണ്‍ കുറയ്ക്കാനുമാകും.
2030 ഓടെ രാജ്യത്തെ നിരത്തുകളെ ഇലക്ട്രിക് വാഹനങ്ങളാല്‍ സമ്പന്നമാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നം. അതുകൊണ്ടുതന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് നല്ലകാലമാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറച്ചെന്നാണ് പുതിയ വാര്‍ത്തകള്‍.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനമായത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കിയും കുറച്ചിട്ടുണ്ട്. ആഗസ്ത് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.