
ആഗോളതലത്തില്‍ കംപോണന്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ ഇലക്ട്രോണിക്സ്, ഓട്ടോ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. ഏപ്രില്‍ മുതല്‍, ഇന്ത്യയിലെ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിന് പിന്നാലെ ചൈനയുടെ ചില ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള ഘടകങ്ങളുടെ വിതരണം കുറഞ്ഞതാണ് ആഗോളതലത്തില്‍ കോംപണന്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ കാരണം.
ഇലക്ട്രോണിക്, ഓട്ടോ ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ കംപോണന്റുകളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. നിലവില്‍ ഇവിടെനിന്നുള്ള കയറ്റുമതികള്‍ 10-15 ദിവസം വൈകി. ഇത് അടുത്ത മാസത്തെ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് കാര്‍ബണ്‍, സാന്‍സുയി എന്നീ ബ്രാന്‍ഡുകള്‍ റീട്ടെയില്‍ ചെയ്യുന്ന ജൈന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ജെയിന്‍ പറഞ്ഞു. കോംപണന്റുകളുടെ ലഭ്യതക്കുറവിന് പുറമെ വില ഉയരുമെന്ന് ആഭ്യന്തര മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണലിന്റെ ചെയര്‍മാന്‍ ഹരി ഓം റായ് പറഞ്ഞു.
ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിനുള്ള നിരവധി ചരക്കുകളുടെയും ഘടകങ്ങളുടെയും പ്രധാന ഉറവിടം ചൈനയാണെന്നും അവിടെയുള്ള ലോക്ക്ഡൗണ്‍ ഇന്ത്യന്‍ വ്യവസായം അഭിമുഖീകരിക്കുന്ന വിതരണ ശൃംഖലയ്ക്ക് ആക്കം കൂട്ടുമെന്നും ഓട്ടോമോട്ടീവ് കോംപണന്റ് മാനുഫാക്ചററേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വിന്നി മേത്ത പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം കടുത്തപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സെമികണ്ടക്ടര്‍ ക്ഷാമം രൂക്ഷമായത് വാഹന നിര്‍മാണ കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, സ്റ്റീല്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതോടെ നിര്‍മാതാക്കളും മോഡലുകളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.