എസ് ആന്‍ഡ് പി 500 സൂചികയില്‍ ടെസ്ലയും അരങ്ങേറ്റം കുറിക്കുന്നു

December 21, 2020 |
|
News

                  എസ് ആന്‍ഡ് പി 500 സൂചികയില്‍ ടെസ്ലയും അരങ്ങേറ്റം കുറിക്കുന്നു

വിപണിയില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് മുന്‍നിര വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ല. തിങ്കളാഴ്ച്ച എസ് ആന്‍ഡ് പി 500 സൂചികയില്‍ ടെസ്ല പേരുചേര്‍ക്കും. എസ് ആന്‍ഡ് പി 500 സൂചികയില്‍ കടന്നുവരുന്ന ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന വിശേഷണം ടെസ്ലയ്ക്ക് തിലകക്കുറി ചാര്‍ത്തുന്നുണ്ട്.
 
എസ് ആന്‍ഡ് പി ഡോ ജോണ്‍സ് സൂചിക പ്രകാരം എസ് ആന്‍ഡ് പി 500 ട്രാക്ക് ചെയ്യുന്ന ഇന്‍ഡക്സ് ഫണ്ടുകള്‍ വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കും മുന്‍പ് 80 ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വാങ്ങേണ്ടതുണ്ട്. സമാന്തരമായി ഇതേ തുകയ്ക്ക് എസ് ആന്‍ഡ് പി 500 -ല്‍ ഭാഗമായ ഘടക ഓഹരികള്‍ വിറ്റഴിക്കേണ്ട ചുമതലയും ഇന്‍ഡക്സ് ഫണ്ടുകള്‍ക്കുണ്ട്.

വിപണി മൂല്യമെടുത്താല്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ കടന്നുവരുന്ന ഏറ്റവും വലിയ ആറാമത്തെ കമ്പനിയാകും ടെസ്ല. 600 ബില്യണ്‍ ഡോളറില്‍പ്പരം മൂല്യമുണ്ട് ടെസ്ലയ്ക്ക്. ഇതേസമയം, എസ് ആന്‍ഡ് പി 500 സൂചികയില്‍ പേരുചേര്‍ക്കുമ്പോള്‍ ടെസ്ലയ്ക്ക് കുറഞ്ഞ മൂല്യമായിരിക്കും കണക്കാക്കപ്പെടുക. കാരണം കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരി മേധാവിയായ ഇലോണ്‍ മസ്‌കിന്റെ കൈവശമാണ്.

ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. 700 ശതമാനം വളര്‍ച്ച കമ്പനി ഇതുവരെ കാഴ്ച്ചവെച്ചു കഴിഞ്ഞു. വാഹന ലോകത്ത് ടൊയോട്ട മോട്ടോര്‍, ഫോക്സ്വാഗണ്‍, ജനറല്‍ ഗ്രൂപ്പ് എന്നിവരുമായാണ് ടെസ്ലയുടെ പ്രധാന മത്സരം. വാള്‍ സ്ട്രീറ്റില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരിയാണ് ടെസ്ല. കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താല്‍ ഓരോ സെഷനിലും ശരാശരി 18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. ആപ്പിളിനെ മറികടന്നാണ് ടെസ്ലയുടെ ഈ നേട്ടം. ശരാശരി 14 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഓരോ സെഷനിലും ആപ്പിള്‍ ഓഹരികള്‍ കുറിക്കുന്നത്.

നേരത്തെ, രണ്ടാം പാദത്തിലെ സാമ്പത്തിക റിപ്പോര്‍ട്ട് ടെസ്ലയുടെ വളര്‍ച്ചാ നിരക്ക് കുറച്ചിരുന്നു. എന്തായാലും 2020 വര്‍ഷം 1.1 ബില്യണ്‍ ഡോളര്‍ മൊത്ത വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജനറല്‍ മോട്ടോര്‍സിന്റെ ശരാശരി മൊത്ത വാര്‍ഷിക വരുമാനം 6 ബില്യണ്‍ ഡോളറാണെന്ന കാര്യം ഇവിടെ എടുത്തുപറയണം.

Related Articles

© 2024 Financial Views. All Rights Reserved