
ട്വിറ്റര്‍ എന്ന സാമൂഹിക മാധ്യമത്തിലൂടെ നിരന്തരം തന്റെ ആശയങ്ങളും കാഴ്ചപാടുകളും പങ്കുവയ്ക്കുന്ന വ്യക്തിയാണു ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. പലപ്പോഴും അദ്ദേഹത്തിന്റെ പല ആശയങ്ങളും വലിയ ചര്‍ച്ചയാകാറുമുണ്ട്. അദ്ദേഹത്തിന്റെ ഒരോ ട്വിറ്റും കാത്തിരിക്കുന്ന നിരവധി ക്രിപ്റ്റോ കറന്‍സി നിക്ഷേപകര്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. മസ്‌കിന്റെ ഏറ്റവും പുതിയ ട്വീറ്റ് ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇലോണ്‍ മസ്‌കിന്റെ സമ്പത്തിന്റെ രണ്ടു ശതമാനത്തിന് (600 കോടി ഡോളര്‍) ലോക വിശപ്പ് പരിഹരിക്കാനാകുമെന്ന യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലിയെ ഉദ്ധരിച്ച് സിഎന്‍എന്‍ നല്‍കിയ ലേഖനമാണ് ട്വീറ്റിനു വഴിവച്ചത്.
ലേഖനത്തില്‍ പറയുന്ന കാര്യം തെളിയിച്ചാല്‍ ലോകത്തിന്റെ വിശപ്പ് അകറ്റാന്‍ തന്റെ സ്വത്തിന്റെ രണ്ടു ശതമാനം നല്‍കാമെന്നാണു മസ്‌ക് വെല്ലുവിളിച്ചത്. ഇതാദ്യമായല്ല ലോക കോടീശ്വരന്‍മാരെ മുള്‍മുന്‍യില്‍ നിര്‍ത്തി ബീസ്ലി പ്രതികരിക്കുന്നത്. ബ്ലും ബെര്‍ഗ് ബില്യണേഴ്സ് സൂചികയിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവര്‍ ഇടപെടണമെന്നു ആഴ്ചകള്‍ക്കു മുമ്പ് ബീസ്ലി ആവശ്യപ്പെട്ടിരുന്നു. ബീസ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത മസ്‌ക്, തന്റെ ട്വീറ്റ് ത്രെഡില്‍ 600 കോടി ഡോളറിന് എങ്ങനെ ലോകത്തിന്റെ വിശപ്പ് പരിഹരിക്കാനാകുമെന്നു കൃത്യമായി യുഎന്‍ വേള്‍ഡ് ഫുഡ് പദ്ധതിക്ക് (ഡബ്ല്യുഎഫ്പി) വിവരിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ തന്നെ ടെസ്ല ഓഹരികള്‍ വിറ്റ് പണം നല്‍കാമെന്നു വ്യക്തമാക്കി.
അക്കിടി മനസിലാക്കിയ ഡേവിഡ് ബീസ്ലി വാര്‍ത്തയുടെ തലക്കെട്ട് കൃത്യമല്ലെന്നും, 600 കോടി ഡോളറിന് ലോകത്തിന്റെ വിശപ്പ് അകറ്റാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. പക്ഷേ അതിന് ഭൗമരാഷ്ട്രീയ അസ്ഥിരതയും കൂട്ട കുടിയേറ്റവും തടയാനും 4.2 കോടി ആളുകളെ പട്ടിണിയുടെ വക്കില്‍ നിന്ന് രക്ഷിക്കാനും കഴിയുമെന്നു കുറിച്ചു. 'കോവിഡ്, സംഘര്‍ഷം, കാലാവസ്ഥാ പ്രതിസന്ധികള്‍ എന്നിവയില്‍ നിങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ക്ക് പ്രത്യാശ കൊണ്ടുവരാനും സ്ഥിരത സൃഷ്ടിക്കാനും ഭാവി മാറ്റാനും കഴിയും. നമുക്ക് സംസാരിക്കാം: ഇത് ഫാല്‍ക്കണ്‍ ഹെവി പോലെ സങ്കീര്‍ണ്ണമല്ല, നിങ്ങളുമായി സംസാരിക്കുന്നതിനു അടുത്ത വിമാനത്തില്‍ വരാം. നിങ്ങള്‍ കേട്ടത് ഇഷ്ടമായില്ലെങ്കില്‍ എന്നെ അറിയിക്കുക'- ബീസ്ലി ട്വീറ്റില്‍ വ്യക്തമാക്കി.
കണക്കുകള്‍ വ്യക്തമായി പൊതുജനത്തിനു മുമ്പ് പ്രസിദ്ധീകരിക്കൂ. പണം ചെലവഴിക്കുന്നതെങ്ങനെയെന്ന് അവര്‍ മനസിലാക്കട്ടെയെന്നായിരുന്നു മസ്‌കിന്റെ മറുപടി. 600 കോടി ഡോളര്‍ എന്നു പറയുന്നതു മസ്‌കിനെ സംബന്ധിച്ചു വളരെ ചെറിയ തുകയാണ്. കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 31,100 കോടി ഡോളറാണ്. കഴിഞ്ഞ മാസം 29-ാം തീയതി മാത്രം മസ്‌കിന്റെ ആസ്തിയില്‍ 930 കോടി ഡോളറിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയത്. മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള തിരക്കിലാണ് നിലവില്‍ മസ്‌കും അദ്ദേഹത്തിന്റെ സ്പേസ് എക്സ് എന്ന സംരംഭവും. 2026 ആണ് പദ്ധതിക്കായി മസ്‌ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.