
ന്യൂഡല്‍ഹി: ലോകത്ത് ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ കുതിപ്പ് നടത്തി മുന്നേറുകയാണ് ടെസ്‌ല. ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള ചുവടുയ്പ്പ് എന്നാകുമെന്ന് ഉറ്റുനോക്കിയിരിക്കുകയാണ് വാഹനപ്രേമികള്‍. കമ്പനിക്കും ഇന്ത്യയില്‍ വാഹനം ലോഞ്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ വലിയൊരു തടസം മുന്നിലുണ്ട്. ഇക്കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യാക്കാരനായ യൂട്യൂബറിനോട് നടത്തിയ പ്രതികരണത്തിലാണ് ഇതേക്കുറിച്ച് ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയത്. ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഉയര്‍ന്ന നികുതി നല്‍കണമെന്നും ലോകത്ത് തന്നെ ഏറ്റവും വലിയ നികുതി നിരക്കാണ് ഇവിടുത്തേതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളും ഡീസലും പോലെ തന്നെയാണ് ഇലക്ട്രിക് ഊര്‍ജ്ജത്തിലോടുന്ന വാഹനങ്ങളോടും ഇന്ത്യയിലെ സര്‍ക്കാരുകളുടെ നിലപാട്. അത് രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളോട് ചേര്‍ന്നുപോകുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കാന്‍ ലക്ഷ്യമിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മേലുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍ 125 ശതമാനമാണ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് അടക്കേണ്ട തീരുവ. ഈ തീരുവയില്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയുന്നത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതാകണമെന്നില്ല.