
ഒറ്റ ദിവസത്തെ വ്യാപാരത്തിനിടയില്‍, ടെസ്ല സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഇലോണ്‍ മസ്‌കിന് നഷ്ടമായത് 16 ബില്യണ്‍ ഡോളര്‍. ചൊവ്വാഴ്ചത്തെ ആറു മണിക്കൂറിനിടയിലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന് ഇത്രയും വലിയ തുക നഷ്ടമായതെന്ന് ബ്ലൂംബര്‍ഗും ഫോര്‍ബ്സും റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൈറ്റന്‍, എച്ച്ഡിഎഫ്സി ലൈഫ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ കമ്പനികളുടെ ആകെ ഓഹരികള്‍ക്കുള്ളതിനേക്കാള്‍ മൂല്യമുണ്ട് ഇലോണ്‍ മസ്‌കിന് ഒറ്റ ദിവസം നഷ്ടമായ തുകയ്ക്ക്. അദ്ദേഹത്തിന് ഒറ്റ ദിവസം നഷ്ടമായ തുകയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള 21 കമ്പനികളേ ഇന്ത്യയിലുള്ളൂ.
പണം നഷ്ടമായതോടെ ബ്ലൂംബര്‍ഗിന്റെയും ഫോര്‍ബ്സിന്റെയും സമ്പന്നരുടെ പട്ടികയിലും ഇലോണ്‍ മസ്‌ക് പിന്നിലായി. ഓഗസ്റ്റ് അവസാനം ജെഫ് ബെയ്സോസിനും ബില്‍ഗേറ്റ്സിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്ന ഇലോണ്‍ മസ്‌ക് ബ്ലൂബര്‍ഗിന്റെ പട്ടികയില്‍ ആറും ഫോര്‍ബ്സിന്റെ പട്ടികയില്‍ എട്ടും സ്ഥാനത്തുമാണ് ഇപ്പോള്‍.
ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 21 ശതമാനം ഇടിവാണ് ടെസ്ല ഓഹരികള്‍ക്കുണ്ടായത്. ചരിത്രത്തിലാദ്യമായാണ് ടെസ്ലയുടെ ഓഹരിവിലയില്‍ ഒറ്റ ദിവസം ഇത്രയേറെ ഇടിവുണ്ടാകുന്നത്. ബ്ലൂംബെര്‍ഗിന്റെ കണക്കു പ്രകാരം നിലവില്‍ 82.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട് ഇലോണ്‍ മസ്‌കിന്. യുഎസ് ടെക്നോളജി ഓഹരികള്‍ക്കെല്ലാം തിരിച്ചടി നേരിട്ട ചൊവ്വാഴ്ച ജെഫ് ബെയ്സോസ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവര്‍ക്കെല്ലാം നഷ്ടം നേരിടേണ്ടി വന്നു.