ഒരു ട്വീറ്റ് മതി ജീവിതം മാറാന്‍!; ട്വീറ്റ് കാരണം എലോണ്‍ മസ്‌കിന് ടെസ്ലയുടെ സിഇഒ സ്ഥാനം നഷ്ടമാകാന്‍ സാധ്യത

May 02, 2020 |
|
News

                  ഒരു ട്വീറ്റ് മതി ജീവിതം മാറാന്‍!; ട്വീറ്റ് കാരണം എലോണ്‍ മസ്‌കിന് ടെസ്ലയുടെ സിഇഒ സ്ഥാനം നഷ്ടമാകാന്‍ സാധ്യത

സാന്‍ ഫ്രാന്‍സിസ്‌കോ: എലോണ്‍ മസ്‌ക്കിന്റെ വിചിത്രമായ ട്വീറ്റ് കാരണം ടെസ്ലയുടെ വിപണി മൂല്യം മണിക്കൂറുകള്‍ക്കുള്ളില്‍ 14 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. ഇതിനെ തുടര്‍ന്ന് ടെസ്ലയുടെ ബോര്‍ഡില്‍ നിന്നും സിഇഒ സ്ഥാനത്ത് നിന്നും എലോണ്‍ മസ്‌ക്കിനെ നീക്കം ചെയ്യാന്‍ നീക്കമുണ്ടെന്ന് സൂചന ലഭിച്ചു. മസ്‌ക്കിന്റെ ട്വീറ്റിന് ശേഷം ടെസ്ലയുടെ ഓഹരി വില വെള്ളിയാഴ്ച 12 ശതമാനം ഇടിഞ്ഞു. 10.3 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്.

കമ്പനിയുടെ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് എലോണ്‍ മസ്‌ക്ക് ട്വീറ്റ് ചെയ്തത്. 'ടെസ്ല സ്റ്റോക്ക് വില വളരെ ഉയര്‍ന്നതാണ് (എന്റെ അഭിപ്രായത്തില്‍)' എന്നായിരുന്നു എലോണ്‍ മസ്‌ക്കിന്റെ ട്വീറ്റ്. ട്വീറ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടെസ്ല സ്റ്റോക്ക് ഓഹരി വില 760.23 എന്ന നിലയിലായിരുന്നു. എന്നാല്‍ ട്വീറ്റിന് ശേഷം ഓഹരി വില 717.64 എന്ന നിലയിലേക്ക് കുത്തനെ ഇടിയുകയായിരുന്നു.

ടെസ്ലയിലുള്ള എലോണ്‍ മസ്‌ക്കിന്റെ ഓഹരികളിലും 3 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. 2018 ഓഗസ്റ്റിലും ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് എലോണ്‍ മസ്‌ക്ക് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്ല ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു. മസ്‌ക്കിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകള്‍ ഓഗസ്റ്റ് 7 ന് ടെസ്ലയുടെ ഓഹരി വില ആറ് ശതമാനത്തിലധികം ഉയരാന്‍ കാരണമായി, ഇത് വിപണിയില്‍ കാര്യമായ തകര്‍ച്ചയ്ക്കും പിന്നീട് കാരണമായി.

ആദ്യ ട്വീറ്റിന് മുമ്പ് ടെസ്ലയുടെ വിപണി മൂല്യം 141 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ പിന്നീട് ഇത് 127 ബില്യണ്‍ ഡോളറായി കുറഞ്ഞു. അതേസമയം മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി ഒരു ഉപയോക്താവ് പറഞ്ഞത് കമ്പനിയുടെ സെക്യൂരിറ്റികളെക്കുറിച്ച് ട്വീറ്റുകളില്‍ പരാമര്‍ശിക്കുന്നതിന് മുമ്പ് മുന്‍കൂര്‍ അനുമതി തേടേണ്ടതാണ് എന്നാണ്.

കോവിഡ് രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെതിരെയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് ടെസ്ല മേധാവിയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യം തകര്‍ക്കുന്ന ഫാസിസ്റ്റ് തീരുമാനമെന്നാണ് മസ്‌ക് ലോക്ക്ഡൗണിനെ വിശേഷിപ്പിച്ചത്. ഇത് സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ദേഷ്യത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. വീടുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജനങ്ങളെ അറസ്റ്റു ചെയ്യുകയാണ്. ഇത് ഫാസിസമാണ്. ജനാധിപത്യമല്ല. ഇതല്ല സ്വാതന്ത്ര്യം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കൂ' എന്നും മസ്‌ക് പറഞ്ഞിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved