ബിറ്റ്കോയിനെ രക്ഷിച്ചതും ശിക്ഷിച്ചതും മസ്‌ക് തന്നെ! കഥ ഇങ്ങനെ

May 15, 2021 |
|
News

                  ബിറ്റ്കോയിനെ രക്ഷിച്ചതും ശിക്ഷിച്ചതും മസ്‌ക് തന്നെ! കഥ ഇങ്ങനെ

ബിറ്റ്കോയിന്‍ മൂല്യം ഇടിയുന്നു. ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഉയരാന്‍ കാരണക്കാരനായ ഇലോണ്‍ മസ്‌ക് തന്നെയാണ് ഇപ്പോള്‍ ബിറ്റ്കോയിന്റെ തകര്‍ച്ചയ്ക്കും വഴിവച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ബിറ്റ്കോയിന്‍ ഉണ്ടാക്കിയ നേട്ടം കണ്ണഞ്ചിപ്പിക്കുന്നതാണ്. എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ ഒരു ട്വീറ്റ് മാത്രം ബിറ്റ്കോയിനെ കൂടുതല്‍ ജനകീയവും വിശ്വാസ്യതയുള്ളതും ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് ബിറ്റ്കോയിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്.

എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു ട്വീറ്റ് ബിറ്റ്കോയിന് സമ്മാനിച്ചത് വലിയ തിരിച്ചടിയാണ്. ഒറ്റയടിക്കാണ് ബിറ്റ്കോയിന്‍ മൂല്യത്തില്‍ 15 ശതമാനത്തിന്റെ ഇടിവുണ്ടായത്. അതേസമയം തന്നെ, ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയുടെ മൂല്യത്തില്‍ വലിയ വര്‍ദ്ധനയും ഉണ്ടായി. ബിറ്റ്കോയിന്‍ ഉപയോഗിച്ച് ഇനി മുതല്‍ ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആവില്ല എന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. ബിറ്റ്കോയിനെ കൈയ്യൊഴിയാന്‍ മസ്‌കിന് ചില ന്യായങ്ങളും ഉണ്ട്. അത് അദ്ദേഹം തന്റെ ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

ബിറ്റ്കോയിന്‍ ഖനത്തിന് ഫോസില്‍ ഇന്ധനങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കേണ്ടി വരുന്നു എന്നാണ് മസ്‌കിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കുറഞ്ഞ ഊര്‍ജ്ജം മാത്രം ആവശ്യമുള്ള മറ്റ് ക്രിപ്റ്റോകറന്‍സികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇതോടെ ബിറ്റ്കോയിന്‍ നേരിട്ടത്. ഈ ആഴ്ചയില്‍ 15 ശതമാനം ഇടിവാണ് ബിറ്റ്കോയിന്‍ മൂല്യത്തില്‍ ഉണ്ടായത്. ഒരു ബിറ്റ്കോയിന്റെ മൂല്യം 49,804 ഡോളര്‍ ആയി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഇലോണ്‍ മസ്‌കിന്റെ ഞെട്ടിക്കുന്ന ആ നീക്കം ഉണ്ടായത്. ബിറ്റ്കോയിനില്‍ 150 കോടി ഡോളര്‍ നിക്ഷേപിച്ചുകൊണ്ടായിരുന്നു അത്. അന്ന് ബിറ്റ്കോയിന്‍ മൂല്യം കുതിച്ചുയര്‍ന്ന് അമ്പതിനായിരം ഡോളറിന് മുകളില്‍ എത്തിയിരുന്നു. പിന്നീട് ബിറ്റ്കോയിന്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഫെബ്രുവരിയില്‍ അറുപത്തിനാലായിരം ഡോളറിന് മുകളില്‍ മൂല്യം എത്തുകയും ചെയ്തു. മസ്‌കിന്റെ പുതിയ നിലപാട് വന്നതോടെ കുതിച്ചുയര്‍ന്നത് ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സി ആയിരുന്നു. തന്റെ ട്വീറ്റില്‍ മസ്‌ക് ഡോഗ് കോയിന്റെ പേര് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെ ഡോഗ് കോയിന്റെ മൂല്യത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

Related Articles

© 2024 Financial Views. All Rights Reserved