
വീണ്ടും ട്വീറ്റുമായി ഇലോണ്‍ മസ്‌ക്. ക്രിപ്റ്റോകറന്‍സികളെക്കുറിച്ചുള്ള ഇലോണ്‍ മസ്‌കിന്റെ ട്വീറ്റെല്ലാം നിക്ഷേപകര്‍ക്ക് വലിയ ആശങ്കയാണ്. എങ്ങനെ ആയിരിക്കും അത് വിപണിയില്‍ പ്രതിഫലിക്കുക എന്നത് തന്നെ കാരണം. ഒരിക്കല്‍ ബിറ്റ്കോയിന്റെ കുത്തനെയുള്ള കുതിപ്പിന് വഴിവച്ചത് മസ്‌കിന്റെ ട്വീറ്റ് ആയിരുന്നു. പിന്നീട്, ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ കിതപ്പിന് കാരണമായതും ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് തന്നെ! ഇപ്പോഴിതാ മസ്‌കിന്റെ പുതിയൊരു ട്വീറ്റ്.
ക്രിപ്റ്റോകറന്‍സികളെ കുറിച്ചും സാങ്കേതികവിദ്യയെ കുറിച്ചുമുള്ള ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകളില്‍ എന്തായാലും ഇത്തവണ, തന്റെ പിന്തുണ ആര്‍ക്കാണെന്ന് കൃത്യമായി പറയുന്നുണ്ട്. മാജിക്കിനെ ടെക്നോളജിയുമായി താരതമ്യം ചെയ്തുകൊണ്ട് ഇലോണ്‍ മസ്‌ക് തന്നെയാണ് ട്വിറ്ററില്‍ ഒരു ത്രെഡിന് തുടക്കമിട്ടത്. ക്രിപ്റ്റോകറന്‍സി കാരണം നിങ്ങളോട് ദേഷ്യം തോന്നുന്നവരെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നൊരു ചോദ്യം ഒരാള്‍ മസ്‌കിനോട് ചോദിക്കുന്നുണ്ട്. അതിന്റെ ഉത്തരമാണ് ഇപ്പോഴത്തെ ചര്‍ച്ച.
യഥാര്‍ത്ഥ യുദ്ധം നടക്കുന്നത് ഫിയറ്റ് കറന്‍സികളും ക്രിപ്റ്റോകറന്‍സികളും തമ്മിലാണ്. സന്തുലനം പാലിക്കുമ്പോള്‍, താന്‍ ക്രിപ്റ്റോകറന്‍സികളെയാണ് പിന്തുണയ്ക്കുന്നത് എന്ന് മസ്‌ക് അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ ട്വീറ്റ് പുറത്ത് വന്നതിന് പിറകെ ബിറ്റ്കോയിന്‍ മൂല്യത്തില്‍ നേരിയ വര്‍ദ്ധനയുണ്ടാവുകയും ചെയ്തു. കുത്തനെ ഇടിഞ്ഞതിന് പിറകെ ലണ്ടന്‍ സമയം 12.27 പിഎമ്മിന് മൂല്യം 38,150 ഡോളറിലേക്ക് ഉയര്‍ന്നു.
പണം പോലെ തന്നെ കൈമാറ്റത്തിനുള്ള ഒരു മാധ്യമം ആണ് ഫിയറ്റ് കറന്‍സിയും. പലപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആണിത്. ഒരു കറന്‍സി എന്ന് തന്നെ വിശേഷിപ്പിക്കാമെങ്കിലും ഫിയറ്റ് കറന്‍സിയ്ക്ക് ആന്തരികമൂല്യം ഉണ്ടായിരിക്കില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉപയോഗമൂല്യവും ഇല്ല. സര്‍ക്കാര്‍ അതിന്റെ മൂല്യം നിലനിര്‍ത്തുന്നതുകൊണ്ട് മാത്രമാണ് ഫിയറ്റ് കറന്‍സിയ്ക്ക് മൂല്യമനുണ്ടാകുന്നത്.
ഏപ്രില്‍ 14 ന് റെക്കോര്‍ഡ് മൂല്യത്തിലെത്തിയ ക്രിപ്റ്റോകറന്‍സി ആയിരുന്നു ബിറ്റ്കോയിന്‍. ഒരു യൂണിറ്റിന്റെ മൂല്യം അറുപത്തിമൂവായിരം ഡോളറിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് അത് നാല്‍പതിനായിരം ഡോളറിന് താഴേക്ക് പോയി. കഴിഞ്ഞ ദിവസം വീണ്ടും നാല്‍പതിനായിരം കടന്നെങ്കിലും വീണ്ടു മൂല്യം കുറഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ 37,873.40 ഡോളറില്‍ എത്തിനില്‍ക്കുകയാണ് ബിറ്റ്കോയിന്‍ മൂല്യം.