ആപ്പിളിന്റെ തുണിക്കഷ്ണത്തെ ട്രോളി ഇലോണ്‍ മസ്‌ക്; ടെസ്ല സൈബര്‍ വിസില്‍ വിറ്റുതീര്‍ന്നു

December 02, 2021 |
|
News

                  ആപ്പിളിന്റെ തുണിക്കഷ്ണത്തെ ട്രോളി ഇലോണ്‍ മസ്‌ക്;   ടെസ്ല സൈബര്‍ വിസില്‍ വിറ്റുതീര്‍ന്നു

ഡിസംബര്‍ മാസം ഇലോണ്‍ മസ്‌ക് തുടങ്ങിയത് ടെക്ക് ഭീമന്‍ ആപ്പിളിനെ ട്രോളിക്കൊണ്ടാണ്. ആപ്പിളിന്റെ തുണിക്കഷ്ണം വാങ്ങി പണം കളയാതെ ഞങ്ങളുടെ വിസില്‍ വാങ്ങൂ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ടെസ്ലയുടെ സൈബര്‍ ട്രെക്കിന്റെ മാതൃകയില്‍ പുറത്തിറക്കിയ സ്പെഷ്യല്‍ എഡീഷന്‍ വിസില്‍ മസ്‌ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.

50 ഡോളര്‍ (ഏകദേശം 3750 രൂപ) വിലയിലാണ് ടെസ്ല സൈബര്‍ വിസില്‍ അവതരിപ്പിച്ചത്. മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ മണിക്കൂറുകള്‍ കൊണ്ട് സംഗതി വിറ്റുതീര്‍ന്നു. മെഡിക്കല്‍-ഗ്രേഡ് സ്റ്റെയ്ന്‍ലസ് സ്റ്റീലില്‍ ആണ് ഈ പ്രീമിയം കളക്ടിബിള്‍ ടെസ്ല നിര്‍മിച്ചിരിക്കുന്നത്. ഒരു സാധാരണ വിസിലില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും സൈബര്‍ വിസിലിന് ടെസ്ല നല്‍കിയിട്ടില്ല എന്നാണ് വിവരം. അടുത്തിടെ 19 ഡോളറിനായിരുന്നു ആപ്പിള്‍ പോളിഷിങ് ക്ലോത്ത് അവതരിപ്പിച്ചത്. ഒരു തുണിക്കഷ്ണത്തിന് 19 ഡോളറോ എന്ന് ജനം ചോദിച്ചെങ്കിലും ആപ്പിള്‍ ക്ലോത്തും ഹിറ്റായിരുന്നു.

2019 നവംബര്‍ 21ന് ആണ് ഇലോണ്‍ മസ്‌ക് സൈബര്‍ ട്രക്കിന്റെ മാതൃക അവതരിപ്പിച്ചത്. രൂപത്തിലുള്ള വ്യത്യസ്തത കൊണ്ട് അന്ന് മുതലെ ലോകം ഉറ്റുനോക്കുന്ന വാഹനമാണ് സൈബര്‍ ട്രക്ക്. വാഹനം എന്ന് വിപണിയില്‍ എത്തുമെന്ന് വ്യക്തമല്ല. പല തവണയും ടെസ്ല സൈബര്‍ ട്രക്കിന്റെ ലോഞ്ചിംഗ് നീട്ടി വെച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved