
ലോക്ഡൗണ്‍ കാലത്തും തുടര്‍ന്ന് ഇളവ് വന്നശേഷവും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇ.എം.ഐ ഷോപ്പിംഗിനോട് താത്പര്യം ഏറി. ഇ.എം.ഐ വ്യവസ്ഥയിലുള്ള വായ്പയിലൂടെ പാത്രങ്ങള്‍ മുതല്‍ സ്മാര്‍ട്ട്ഫോണ്‍ വരെ വാങ്ങുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നതായി റീട്ടെയില്‍ കച്ചവടക്കാരും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ബാങ്കുകളും ചൂട്ടിക്കാട്ടുന്നു.
സാമ്പത്തിക ഞെരുക്കമാണ് ഇ.എം.ഐയെ ആശ്രയിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സിംഗില്‍ 40 ശതമാനം വരെ വളര്‍ച്ച പെട്ടെന്നുണ്ടായി.ചെറിയ തുകയുടെ പര്‍ച്ചേസിംഗിന് പോലും ഇ.എം.ഐ സൗകര്യം ഉപഭോക്താക്കള്‍ കൂടുതലായി ആശ്രയിക്കുന്നു. അടുക്കള ഉപകരണങ്ങള്‍, സ്പീക്കര്‍, ഹെഡ്‌ഫോണുകള്‍, ഷൂസ്, ഗൃഹോപകരണങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട്ഫോണിനു പുറമേ ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.
കൂടിയ കാലാവധിയുള്ള ഇ.എം.ഐകള്‍ക്കും പ്രിയമേറിയെന്ന് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലെ ഇലക്ട്രോണിക്‌സ് ശൃംഖലയായ ക്രോമയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ റിതേഷ് ഘോഷല്‍ പറഞ്ഞു. കോവിഡ് വ്യാപനം ശക്തമാകുന്നതിന് തൊട്ടുമുമ്പും വായ്പയില്‍ അധിഷ്ഠിതമായിരുന്നു ക്രോമയിലെ 70 ശതമാനം ബിസിനസ്.ഈ വിഹിതത്തില്‍ മാറ്റം വന്നിട്ടില്ലെങ്കിലും എന്‍ബിഎഫ്സികളില്‍ നിന്നുള്ള 'പേപ്പര്‍ ലോണു'കളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സിംഗ് വഴിയുള്ള ഇ.എം.ഐയാണിപ്പോള്‍ ഭൂരിപക്ഷവും.എച്ച്ഡിഎഫ്‌സി ബാങ്ക് ആകട്ടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലും ഇഎംഐ വാഗ്ദാനം ചെയ്യുന്നു.
ഇഎംഐ അധിഷ്ഠിത വായ്പകള്‍ക്കും ഇടപാടുകള്‍ക്കുമായി ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്ന് കോട്ടക് മഹീന്ദ്ര ബാങ്കിലെ ഉപഭോക്തൃ ആസ്തി പ്രസിഡന്റ് അംബുജ് ചന്ദ്‌ന പറഞ്ഞു. എന്‍ബിഎഫ്‌സികള്‍ പിന്‍സീറ്റിലേക്കു മാറാന്‍ നിര്‍ബന്ധിതമായപ്പോള്‍ ചെറിയ ഇനങ്ങള്‍ക്ക് പോലും ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ധനസഹായം തേടുകയാണെന്ന് കോഹിനൂര്‍ സിഇഒ വിശാല്‍ മേവാനി ചൂണ്ടിക്കാട്ടി.
മൊത്തം കാര്‍ഡ് പേമെന്റില്‍ 80 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് അധിഷ്ഠിതമാണെന്ന് റീട്ടെയില്‍ സ്ഥാപനമായ വിജയ് സെയില്‍സിന്റെ ഡയറക്ടര്‍ നീലേഷ് ഗുപ്ത പറഞ്ഞു. നേരത്തേ ഇത് 60 ശതമാനമായിരുന്നു.ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്കാര്‍ട്ടും ഇ.എം.ഐ പര്‍ച്ചേസില്‍ വര്‍ദ്ധന ഉണ്ടായെന്ന് വ്യക്തമാക്കി. കഴിഞ്ഞ മാസം ആമസോണ്‍, ആമസോണ്‍ പേ എന്ന സംരംഭം ആരംഭിച്ചിരുന്നു.തുടക്ക സമയത്തെ അപേക്ഷിച്ച് ഇടപാടുകള്‍ ആറിരട്ടി വരെ വര്‍ദ്ധിച്ചതായി ആമസോണ്‍ പേ പറയുന്നു.
ടോമി ഹില്‍ഫിഗര്‍, ഹീറോ, പ്യൂമ, വുഡ്‌ലാന്‍ഡ് തുടങ്ങിയ പ്രശസ്ത വസ്ത്ര ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന അരവിന്ദ് പോലുള്ള ലൈഫ്സ്‌റ്റൈല്‍ റീട്ടെയിലര്‍മാര്‍ കുറഞ്ഞ തുകയ്ക്കും ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇഎംഐ വാഗ്ദാനം ചെയ്യുന്നു. 2,500 രൂപ വരെ കുറഞ്ഞ ഇന്‍വോയ്സ് മൂല്യത്തിന് വുഡ്‌ലാന്‍ഡ് ഇപ്പോള്‍ ഇഎംഐ സൗകര്യം നല്‍കുന്നുണ്ടെന്ന് അരവിന്ദ് എംഡി ഹര്‍ക്കിരത് സിംഗ് പറഞ്ഞു.