
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘ ദൂര വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ വാര്‍ഷിക ലാഭത്തില്‍ 21 ശതമാനം വര്‍ധന. രണ്ടാം പാദത്തിലും മൂന്നാംപാദത്തിലും വിമാനയാത്രയ്ക്ക് മികച്ച ഡിമാന്‍ഡ് അനുഭവപ്പെട്ടതും ശരാശരി ഇന്ധന വിലയില്‍ ഉള്ള കുറവുമാണ് 1.1 ബില്യണ്‍ ദിര്‍ഹം ലാഭം സ്വന്തമാക്കാന്‍ എമിറേറ്റ്സിനെ സഹായിച്ചത്. അതേസമയം അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ 45 ദിവസത്തേക്ക് അടച്ചിട്ടതും കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം യാത്രാവിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതും മൂലം വാര്‍ഷിക വരുമാനം ആറ് ശതമാനം ഇടിഞ്ഞ് 92 ബില്യണ്‍ ദിര്‍ഹമായതായി എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാക്കി.
എയര്‍പോര്‍ട്ട് സേവന കമ്പനിയായ ഡിനാറ്റ (ദുബായ് നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍) ഉള്‍പ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് 1.7 ബില്യണ്‍ ദിര്‍ഹമാണ് ലാഭമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25.5 ബില്യണ്‍ ദിര്‍ഹം കാഷ് ബാലന്‍സുമായാണ് വര്‍ഷം അവസാനിപ്പിക്കുന്നതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം ഡിനാറ്റയുടെ ലാഭം 618 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. ഐടി കമ്പനിയായ അക്കീല്യയുടെ ഓഹരിവില്‍പ്പനയിലൂടെ ലഭിച്ച 216 മില്യണ്‍ ദിര്‍ഹം ഉള്‍പ്പടെയാണിത്.
പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള അസാധാരണ ബിസിനസ് സാഹചര്യവും പണലഭ്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൊണ്ട് ഈ സാമ്പത്തിക വര്‍ഷം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 500 മില്യണ്‍ ദിര്‍ഹമാണ് കമ്പനി ലാഭവിഹിതമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
'2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ എമിറേറ്റ്സും ഡിനാറ്റയും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ കോവിഡ്-19 പകര്‍ച്ചവ്യാധി ലോകമെമ്പാടും വ്യാപിച്ചതോടെ ഫെബ്രുവരി പകുതിക്ക് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പകര്‍ച്ചവ്യാധി ഭയത്താല്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും കര്‍ശനമായ സഞ്ചാര വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ അന്താരാഷ്ട്ര വിമാനയാത്രയ്ക്കുള്ള ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു,' ഷേഖ് അഹമ്മദ് പറഞ്ഞു.