3 ദശാബ്ദത്തിനിടെ ആദ്യമായി ലാഭമില്ലാതെ എമിറേറ്റ്സ്; 6 ബില്യണ്‍ ഡോളര്‍ നഷ്ടത്തില്‍

June 16, 2021 |
|
News

                  3 ദശാബ്ദത്തിനിടെ ആദ്യമായി ലാഭമില്ലാതെ എമിറേറ്റ്സ്;  6 ബില്യണ്‍ ഡോളര്‍ നഷ്ടത്തില്‍

ദുബായ്: മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി ഒരു വര്‍ഷം ലാഭമില്ലാതെ ദുബായിലെ എമിറേറ്റ്സ് വിമാനക്കമ്പനി. 6 ബില്യണ്‍ ഡോളര്‍ (22.1 ബില്യണ്‍ ദിര്‍ഹം) നഷ്ടമാണ് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആരംഭിച്ച കഴിഞ്ഞ വര്‍ഷം 456 മില്യണ്‍ ഡോളറായിരുന്നു(1.7 ബില്യണ്‍ ദിര്‍ഹം) എമിറേറ്റ്സിലെ ലാഭം.

കമ്പനിയുടെ വരുമാനം കഴിഞ്ഞ വര്‍ഷം 9.7 ബില്യണ്‍ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാന്‍ഡ് തകര്‍ച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാനകാരണമായി കമ്പനി പറഞ്ഞിരിക്കുന്നത്. മനുഷ്യജീവിതങ്ങളിലും സമൂഹത്തിലും സമ്പദ് വ്യവസ്ഥകളിലും വ്യോമയാന, യാത്ര വിപണികളിലും കോവിഡ്-19 പകര്‍ച്ചവ്യാധി സംഹാര താണ്ഡവം തുടരുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍, ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പറഞ്ഞു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിടുകയും കര്‍ശനമായ യാത്ര നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തതോടെ അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് ഇടിഞ്ഞത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സിനെയും ഡ്നാട്ടയെയും വളരെ മോശമായി ബാധിച്ചുവെന്ന് ഷേഖ് അഹമ്മദ് പറഞ്ഞു.   

എമിറേറ്റ്സിലെ ഏക ഓഹരിയുടമയായ ദുബായ് സര്‍ക്കാര്‍ 3.1 ബില്യണ്‍ ഡോളര്‍ മൂലധനമാണ് കഴിഞ്ഞ വര്‍ഷം കമ്പനിയിലേക്ക് ഒഴുക്കിയത്. വ്യവസായ മേഖലകള്‍ക്കായുള്ള പല സഹായ പദ്ധതികളും നേട്ടമാക്കിയ ഡ്നാട്ടയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 800 മില്യണ്‍ ദിര്‍ഹം സാമ്പത്തിക സഹായം ലഭിച്ചു. ഇത്തരം സഹായങ്ങളാണ് പ്രവര്‍ത്തനം തുടരാനും പരമാവധി ജീവനക്കാരെ നിലനിര്‍ത്താനും കമ്പനിയെ സഹായിച്ചതെന്ന് ഷേഖ് അഹമ്മദ് വ്യക്തമാക്കി. ദൗര്‍ഭാഗ്യവശാല്‍, കുറഞ്ഞ തോതിലുള്ള പ്രവര്‍ത്തനം മാത്രം ആവശ്യമുള്ളതിനാല്‍ ഇനിയും ജീവനക്കാരെ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന സൂചനയും ഷേഖ് അഹമ്മദ് നല്‍കി.   

എല്ലാ ബിസിനസ് മേഖലകളിലും കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി. ഇതിന്റെ ഭാഗമായി എമിറേറ്റ്സിലെ മൊത്തം ജീവനക്കാരുടെ എണ്ണം 31 ശതമാനം കുറഞ്ഞ് 75,145 ആയി. ചിലവ് ചുരുക്കലിന്റെ ഭാഗമായി സാമ്പത്തിക ബാധ്യതകള്‍ പുനഃസംഘടിപ്പിക്കുകയും ചില കരാറുകളില്‍ പുനര്‍ചിന്തനം നടത്തുകയും പ്രക്രിയകള്‍ പുനഃപരിശോധിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും ചെയ്തു. ചിലവ് ചുരുക്കല്‍ നടപടികളിലൂടെ കഴിഞ്ഞ വര്‍ഷം ഏകദേശം 7.7 ബില്യണ്‍ ദിര്‍ഹം ലാഭിക്കാന്‍ കഴിഞ്ഞതായി എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ വിമാനങ്ങള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും കമ്പനികളുടെയും സാങ്കേതികവിദ്യകളുടെയും ഏറ്റെടുക്കലുകള്‍ക്കുമായി മൊത്തത്തില്‍ 4.7 ബില്യണ്‍ ദിര്‍ഹമാണ് എമിറേറ്റ്സ് നീക്കിവെച്ചത്.

എമിറേറ്റ്സ് വിമാനക്കമ്പനി മാത്രം കഴിഞ്ഞ വര്‍ഷം 5.5 ബില്യണ്‍ ഡോളറാണ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 288 മില്യണ്‍ ഡോളര്‍ ലാഭത്തിലായിരുന്നു കമ്പനി. ലാഭത്തില്‍ ഏതാണ്ട് 65.5 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ വിമാനക്കമ്പനി അഭിമുഖീകരിക്കേണ്ടി വന്നത്. കമ്പനിയുടെ വരുമാനം 66 ശതമാനം ഇടിഞ്ഞ് 8.4 ബില്യണ്‍ ഡോളറിലെത്തി. മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചിലവുകളിലും 46 ശതമാനം കുറവ് രേഖപ്പെടുത്തി. ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചിലവുകളും (മൂല്യത്തകര്‍ച്ച, വായ്പ ബാധ്യത) ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ചിലവുകളുമാണ് കഴിഞ്ഞ വര്‍ഷം കമ്പനി ഏറ്റവും കൂടുതലായി ചുമക്കേണ്ടി വന്നത്. മൊത്തം പ്രവര്‍ത്തനച്ചിലവിന്റെ 14 ശതമാനം ഇന്ധനത്തിനായുള്ള ചിലവായിരുന്നു. അതേസമയം 2019-20 സാമ്പത്തിക വര്‍ഷത്തെ 31 ശതമാനത്തേക്കാള്‍ വളരെ കുറവാണിത്.   

6.6 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്ര ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 88 ശതമാനം കുറവാണിത്. എമിറേറ്റ്സ് വിമാനങ്ങളിലെ സീറ്റ് ശേഷിയിലും കഴിഞ്ഞ വര്‍ഷം 83 ശതമാനം കുറവുണ്ടായിട്ടുണ്ട്. പാസഞ്ചര്‍ സീറ്റ് ഫാക്ടര്‍ (ലഭ്യമായ സീറ്റുകളിലെ യാത്രക്കാരുടെ എണ്ണം) മുന്‍വര്‍ഷത്തെ 78.5 ശതമാനത്തില്‍ നിന്നും 44.3 ശതമാനമായി കുറഞ്ഞു. വിമാനക്കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 60 ശതമാനം കാര്‍ഗോ വിഭാഗമായ എമിറേറ്റ്സ് സ്‌കൈകാര്‍ഗോയില്‍ നിന്നുമാണ്.

Related Articles

© 2024 Financial Views. All Rights Reserved