പ്രതിരോധ മേഖല ശാക്തീകരിക്കാന്‍ സ്വകാര്യമേഖല മുന്നോട്ട് വരണമെന്ന് നരേന്ദ്ര മോദി

February 22, 2021 |
|
News

                  പ്രതിരോധ മേഖല ശാക്തീകരിക്കാന്‍ സ്വകാര്യമേഖല മുന്നോട്ട് വരണമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രതിരോധത്തിന്റെ മൂലധന ബജറ്റില്‍ പോലും ആഭ്യന്തര സംഭരണത്തിനായി ഒരു ഭാഗം നീക്കിവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്വകാര്യമേഖല മുന്നോട്ട് വന്ന് പ്രതിരോധ ഉപകരണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രതിരോധ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സുപ്രധാന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ വെബിനാര്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും. പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കഴിയുന്ന പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 100 സുപ്രധാന ഇനങ്ങളുടെ പട്ടിക ഇന്ത്യ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വ്യവസായങ്ങള്‍ക്ക് ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി ഒരു സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ഭാഷയില്‍ നെഗറ്റീവ് ലിസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നതെന്നും എന്നാല്‍ ഇത് സ്വാശ്രയത്വത്തിന്റെ ഭാഷയില്‍ പോസിറ്റീവ് ലിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പോകുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഈ പോസിറ്റീവ് ലിസ്റ്റാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. നമ്മുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പോകുന്ന പോസിറ്റീവ് ലിസ്റ്റാണിത്. ഇന്ത്യയിലെ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വില്‍പന ഉറപ്പ് നല്‍കുന്ന പോസിറ്റീവ് ലിസ്റ്റാണിത്.

സ്വാതന്ത്ര്യത്തിന് മുമ്പ് നൂറുകണക്കിന് ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഉണ്ടായിരുന്നുവെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ലോകമഹായുദ്ധങ്ങളിലും വന്‍ തോതില്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. പക്ഷേ, പല കാരണങ്ങളാല്‍, ഈ സംവിധാനം സ്വാതന്ത്ര്യാനന്തരം വേണ്ടത്ര ശക്തിപ്പെടുത്തിയിട്ടില്ല. തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതില്‍ നമ്മുടെ എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളെയാണ് തന്റെ ഗവണ്മെന്റ് ആശ്രയിച്ചതെന്നും ഇന്ന് തേജസ് ആകാശത്ത് മനോഹരമായി പറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ്, 48,000 കോടി രൂപയുടെ ഓര്‍ഡര്‍ തേജസിനായി വകയിരുത്തി.

സുതാര്യത, സംഭവ്യത , അനായേസേനയുള്ള ബിസിനസ്സ് എന്നിവയുമായി ഈ മേഖലയില്‍ മുന്നേറാനുള്ള ഗവണ്മെന്റിന്റെ ശ്രമമാണ് 2014 മുതലെന്ന് അദ്ദേഹം പറഞ്ഞു. ഡി-ലൈസന്‍സിംഗ്, ഡി-റെഗുലേഷന്‍, കയറ്റുമതി ഉത്തേജനം , വിദേശ നിക്ഷേപ ഉദാരവല്‍ക്കരണം തുടങ്ങിയവ കൊണ്ടുവരാന്‍ ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved