
ന്യൂഡല്‍ഹി: സ്വകാര്യവത്കരണം കാത്തിരിക്കുന്ന രണ്ട് പൊതുമേഖലാ ബാങ്കുകള്‍ വിആര്‍എസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കുകയും അതിലൂടെ കൂടുതല്‍ ലാഭകരമായി ബാങ്കുകള്‍ വില്‍ക്കാനുമാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിച്ചപ്പോഴാണ് നിര്‍മല സീതാരാമന്‍ ബാങ്കുകളുടെ സ്വകാര്യ വത്കരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതിയ വിആര്‍എസ് പ്ലാന്‍ ജീവനക്കാര്‍ക്ക് ഏറെ ആകര്‍ഷകമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മികച്ച സാമ്പത്തിക പാക്കേജോടെ നേരത്തെ വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെല്ലാം സ്വകാര്യവത്കരണത്തിനുള്ള പരിഗണനാ പട്ടികയിലുണ്ട്.
ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തിലെ സെക്രട്ടറിമാരുടെ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ വിഷയത്തില്‍ തങ്ങള്‍ക്കുള്ള സംശയങ്ങള്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.