സബ്സ്‌ക്രിപ്ഷന്‍ നേട്ടവുമായി ഇമുദ്ര ലിമിറ്റഡ് ഐപിഒ

May 25, 2022 |
|
News

                  സബ്സ്‌ക്രിപ്ഷന്‍ നേട്ടവുമായി ഇമുദ്ര ലിമിറ്റഡ് ഐപിഒ

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന സബ്സ്‌ക്രൈബ് ചെയ്തത് 2.72 തവണ. 412.79 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 1,13,64,784 ഓഹരികള്‍ക്കെതിരേ 3,09,02,516 അപേക്ഷകളാണ് നേടിയത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 2.61 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നേടിയപ്പോള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 1.28 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 4.05 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു.

മെയ് 20 മുതല്‍ 24 വരെയാണ് ഇമുദ്രയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. 243-256 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഐപിഒയില്‍ (ശുീ) 58 ഓഹരികളുടെ ഒരു ലോട്ടായും അതിന്റെ ഗുണിതങ്ങളുമായാണ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 50 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അതേസമയം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനവും ബാക്കി 35 ശതമാനം ഓഹരികള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് അനുവദിച്ചിട്ടുള്ളത്. ഓഹരികളുടെ അലോട്ട്‌മെന്റ് മെയ് 30നും ലിസ്റ്റിംഗ് ജൂണ്‍ ഒന്നിനും നടത്താനാണ് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തന മൂലധനത്തിലേക്കും കട ബാധ്യതകള്‍ വീട്ടാനുമാവും ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുക. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനും പുതിയ ഉപകരണങ്ങള്‍ വാങ്ങാനും സമാഹരിക്കുന്ന തുകയുടെ ഒരു വിഹിതം ഉപയോഗിക്കും. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് മേഖലയില്‍ രാജ്യത്ത് 37.9 ശതമാനം വിപണി വിഹിതമുള്ള സ്ഥാപനമാണ് ഇമുദ്ര. സ്ഥാപനത്തിന്റെ റീട്ടെയില്‍ ഉപഭോക്താക്കളുടെ എണ്ണം 2020-21 കാലയളവില്‍ മുന്‍വര്‍ഷത്തെ 58872ല്‍ നിന്ന് 1.15 ലക്ഷമായി ഉയര്‍ന്നിരുന്നു. 249ല്‍ നിന്ന് 518 ആയാണ് ഇക്കാലയളവില്‍ എന്റര്‍പ്രൈസ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചത്. 2020-21 കാലയളവില്‍ 132.45 കോടി രൂപയുടെ വരുമാനം നേടിയ ഇമുദ്രയുടെ അറ്റാദായം 25.36 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 6.94 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Read more topics: # ഇമുദ്ര, # eMudhra,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved