ചൈനീസ് വായ്പ ആപ്ലിക്കേഷനുകള്‍ക്ക് തിരിച്ചടി; 76 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

May 12, 2021 |
|
News

                  ചൈനീസ് വായ്പ ആപ്ലിക്കേഷനുകള്‍ക്ക് തിരിച്ചടി; 76 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ന്യൂഡല്‍ഹി: ചൈനീസ് വായ്പ ആപ്ലിക്കേഷനുകളില്‍ നിന്ന് 76 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളിന്മേലാണ് നടപടി. ലോക്ഡൗണ്‍ കാലത്ത് തിരിച്ചടവ് മുടക്കിയ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചിലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് 7 കമ്പനികള്‍ക്കെതിരെ ഇഡി കേസെടുത്തത്. ഇതില്‍ മൂന്ന് ചൈനീസ് നിയന്ത്രിത ഫിന്‍ടെക് കമ്പനികളും ഇവയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

ഇതിനുപുറമെ ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്ന റാസര്‍പേ എന്ന സ്ഥാപനത്തില്‍നിന്നും പിഴ ഈടാക്കിയിട്ടുമുണ്ട്. ആദ്യഘട്ട നടപടിയുടെ ഭാഗമായി ആകെ 76.67 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്നും ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പലരെയും നിരീക്ഷിച്ചു വരികയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഫോണ്‍ വഴി ഉപഭോക്താക്കളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും കൈവശപ്പെടുത്തുകയും ബന്ധുക്കള്‍ക്ക് വ്യാജ വക്കീല്‍ നോട്ടിസ് അയച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു കമ്പനികള്‍. ഇതില്‍ മനംനൊന്ത് പലരും ആത്മഹത്യ  ചെയ്തതോടെയാണ് ബെംഗളൂരു ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഈ കമ്പനികള്‍ക്കെതിരെ പരാതി ഉയര്‍ന്നത്.

Related Articles

© 2025 Financial Views. All Rights Reserved