
സംസ്ഥാനത്ത് പുതിയ സംരംഭകരെ വാര്‍ത്തെടുക്കാന്‍ നൂതന പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി എന്ന പേരിലുള്ള ഈ പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് നടപ്പാക്കുക. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും വിദേശത്തു നിന്ന് തിരിച്ചെത്തിവര്‍ക്കും കേരളത്തില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക. മൂന്ന് ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ ഏഴ് ശതമാനമായിരിക്കും പലിശ.
ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങും.
1. പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.
2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.
3. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.
ഈ മൂന്ന് പദ്ധതികള്‍ക്കും രണ്ട് ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ ഏഴ് ശതമാനമായിരിക്കും പലിശ.