
ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും കേന്ദ്ര തൊഴില്‍ മന്ത്രാലയവും നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രസ്തുത ഹര്‍ജികളില്‍ അടുത്ത മാസം 25 ന് കോടതി പ്രാഥമിക വാദം കേള്‍ക്കും.
എന്നാല്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉയര്‍ന്ന പെന്‍ഷന്‍ പ്രതീക്ഷിച്ചവര്‍ക്ക് ഇനി ഹര്‍ജികള്‍ തീരുമാനമാകും വരെ കാത്തിരിക്കേണ്ടി വരും.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. എത്ര ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും 15,000 രൂപ ശമ്പള പരിധി കണക്കാക്കി, അതിന്റെ അടിസ്ഥാനത്തിലുളള ആനുപാതിക പിഎഫ് പെന്‍ഷന്‍ എന്ന വ്യവസ്ഥ 2018 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സമാന വിഷയത്തില്‍ പിഎഫ് കമ്മീഷണല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, 2019 ല്‍ സുപ്രീം കോടതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഹര്‍ജി തള്ളുകയായിരുന്നു.
ഇതിന് പിന്നാലെ പിഎഫ് കമ്മീഷണറും തൊഴില്‍ മന്ത്രാലയവും പുന:പരിശോധനാ ഹര്‍ജി നല്‍കി. ഇതിലാണ് ഇപ്പോഴത്തെ തീരുമാനം. ഉയര്‍ന്ന പെന്‍ഷന്‍ വ്യക്തികള്‍ക്ക് നല്‍കാനാകില്ലെന്ന് ഇപിഎഫ്ഒ പാര്‍ലമെന്റിന്റെ തൊഴില്‍ സ്ഥിരം സമിതിയെ നേരത്തെ അറിയിച്ചിരുന്നു.