പിഎഫ് വിഹിതം അടയ്ക്കാന്‍ കാലതാമസം വന്നാല്‍ പിഴ ഈടാക്കില്ല: ഇപിഎഫ്ഒ

May 16, 2020 |
|
News

                  പിഎഫ് വിഹിതം അടയ്ക്കാന്‍ കാലതാമസം വന്നാല്‍ പിഴ ഈടാക്കില്ല: ഇപിഎഫ്ഒ

ലോക്ഡൗണ്‍ കാലയളവില്‍ ജീവനക്കാരുടെ  പ്രോവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാന്‍ കാലതാമസം വരുത്തുന്ന തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കില്ല  എന്ന്  ഇപിഎഫ്ഒ അറിയിച്ചു. കൊവിഡ്19 വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്   കടുത്ത സാമ്പത്തിക പ്രതസന്ധി നേരിടുന്നതിനാല്‍ തൊഴിലുടമകള്‍ നിര്‍ബന്ധിത പിഎഫ് വിഹിതം അടയ്ക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് . ഈസാഹചര്യം പരിഗണിച്ചാണ് ഇപിഎഫ്ഒയുടെ തീരുമാനം.

ഇപിഎഫ് സ്‌കീം 1952 അനുസരിച്ച് നിര്‍ബന്ധിത പിഎഫ് വിഹിതം നിക്ഷേപിക്കാന്‍ കഴിയാത്ത തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കാന്‍ ഇപിഎഫ്ഒയ്ക്ക് വ്യവസ്ഥയുണ്ട്. തൊഴിലുടമകള്‍ ഒരു മാസത്തെ ശമ്പളത്തിലെ പിഎഫ് വിഹിതം  അടുത്ത മാസം 15നകം നിക്ഷേപിക്കണം എന്നാണ് വ്യവസ്ഥ. ഇതിന് പുറമെ അതിന് ശേഷം പണം അടയ്ക്കുന്നതിന് 10 ദിവസത്തെ ഗ്രേസ് പീരീഡ് കൂടി നല്‍കും. എന്നാല്‍, നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച് ഈ വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ തയ്യാറായിരിക്കുകയാണ് ഇപിഎഫ്ഒ.

ഇതിന് മുമ്പ് ഏപ്രില്‍ 30 ന് കുടിശ്ശിക അടയ്ക്കാതെ പ്രതിമാസ ഇപിഎഫ് റിട്ടേണ്‍  അടയ്ക്കാന്‍ ഇപിഎഫ്ഒ തൊഴിലുടമകളെ അനുവദിച്ചിരുന്നു. ആറ് ലക്ഷത്തോളം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. പദ്ധതി പ്രകാരം തൊഴിലുടമകള്‍ ഇപിഎഫ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഒപ്പം തന്നെ കുടിശ്ശികയും അടയ്ക്കണം. ഇപിഎഫ് റിട്ടേണില്‍ ജീവനക്കാരും തൊഴിലുടമകളും ഇപിഎഫ്ഒയില്‍ അടയ്ക്കുന്ന  പിഫ് വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടായിരിക്കും . അടുത്ത മൂന്ന് മാസത്തേക്ക്   ജീവനക്കാരും  സ്ഥാപനങ്ങളും അടയ്ക്കേണ്ട  നിര്‍ബന്ധിത പിഎഫ് വിഹിതം 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കുറച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved