
2020-21 സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ മാര്‍ച്ച് ആദ്യവാരത്തില്‍ പ്രഖ്യാപിച്ചേക്കും. നിക്ഷേപത്തില്‍ നിന്നുള്ള ആദായവും ധനസ്ഥിതിയും വിലയിരുത്തിയ ശേഷമാകും തീരുമാനം. ഇതിനായി മാര്‍ച്ച് നാലിന് ഇപിഎഫ്ഒ അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ അനിശ്ചിതത്വം മൂലം മൂന്‍ സാമ്പത്തിക വര്‍ഷത്തെ പലിശ വിതരണം ചെയ്യുന്നതുസംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
ഒടുവില്‍ ഡിസംബറോടെയാണ് നേരത്തെ നിശ്ചയിച്ച 8.5 ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടില്‍ വരവുവെയ്ക്കാന്‍ തുടങ്ങിയത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 61,000 കോടി രൂപയാണ് നിക്ഷേപത്തില്‍ നിന്ന് ഇപിഎഫ്ഒയ്ക്ക് ലഭിച്ച ആദായം. 58,000 കോടി രൂപ കടപ്പത്രങ്ങളിലെ നിക്ഷേപത്തില്‍ നിന്നും 3000 കോടി രൂപ ഓഹരിയില്‍ നിന്നുമായിരുന്നു.
വിപണി മികച്ച നേട്ടത്തിലായതിനാല്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ ആദായം ലഭിക്കുമെന്നാണ് ഇപിഎഫഒ കരുതുന്നത്. കടപ്പത്രങ്ങളില്‍ നിന്നുമുള്ള ആദായവും ചേര്‍ത്താണ് മൊത്തം വരുമാനം കണക്കാക്കുക. അതിനുശേഷമാണ് അംഗങ്ങളുടെ നിക്ഷേപത്തിന് എത്ര പലിശ നല്‍കാന്‍ കഴിയുമെന്ന് വിലയിരുത്തുക.