
ന്യൂഡല്‍ഹി: വിരമിച്ച സമയത്ത് കമ്യൂട്ടേഷന്‍ ആനുകൂല്യം നേടിവര്‍ക്ക് മെയ് മാസം മുതല്‍ ഇപിഎഫ്ഒ മുഴുവന്‍ പെന്‍ഷനും നല്‍കും. 6,30,000 ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുക. ഇതിനായി 1,500 കോടി രൂപ അധിക ബാധ്യതയാണുണ്ടാകുക. ഭാഗികമായി പെന്‍ഷന്‍ കമ്യൂട്ടേഷന്‍ നേടിയ, 2008 സെപ്റ്റംബര്‍ 26നു മുമ്പ് പെന്‍ഷനായവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതായത് 2005 ഏപ്രില്‍ ഒന്നിന് പെന്‍ഷനായ ഒരാള്‍ക്ക് 15 വര്‍ഷം കഴിഞ്ഞതിനാല്‍ ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ട്.
റിട്ടയര്‍മെന്റ് സമയത്ത് നിശ്ചിത കാലത്തേയ്ക്കുള്ള പെന്‍ഷന്റെ ഒരു വിഹിതം ഒരുമിച്ച് വാങ്ങുന്നതിനുള്ള സൗകര്യമാണ് കമ്യൂട്ടേഷന്‍ വഴി ലഭിക്കുന്നത്. 15 വര്‍ഷത്തെ പെന്‍ഷനാണ് ഇതിനായി പരിഗണിച്ചിരുന്നത്. ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും കോവിഡ് വ്യാപനം മൂലം നടപടിക്രമങ്ങള്‍ തടസ്സപ്പെടുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യ നടപ്പാക്കി ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ വിതരണത്തിന് മുന്‍കയ്യെടുത്തതിനാലാണ് ഇപ്പോഴെങ്കിലും മുഴുവന്‍ പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയുന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീം, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം എന്നിവയാണ് ധനമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി ഓര്‍ഗനൈസേഷനായ ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്.