
കോവിഡ് വ്യാപനം മൂലം ഓഹരി സൂചികകള്‍ കനത്ത നഷ്ടം നേരിട്ടതോടെ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപ വരവും കുറഞ്ഞു. ഏപ്രിലില്‍ 6,108 കോടി രൂപയാണ് ഫണ്ടുകളിലെത്തിയത്. ഇത് നാലുമാസത്തെ ഏറ്റവും താഴ്ന്ന തുകയാണ്. ഡെറ്റ് ഫണ്ടുകള്‍ ഉള്‍പ്പടെയുള്ളവയിലെത്തിയ മൊത്തം നിക്ഷേപം 45,999 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ചില്‍ 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ ഫണ്ടുകളില്‍ നിന്ന് പിന്‍വലിച്ചത്. മാര്‍ച്ച് മാസത്തിലാകട്ടെ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് 11,485 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. 2019 ഡിസംബറില്‍ 4,432 കോടിയും 2020 ജനുവരിയില്‍ 7,547 കോടിയും ഫെബ്രുവരിയില്‍ 10,760 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്. കോവിഡ്19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം ആഗോള മാന്ദ്യം വര്‍ദ്ധിക്കുമെന്ന ഭയം ഇന്ത്യയടക്കം ആഗോളതലത്തില്‍ വിപണികളെ ബാധിച്ചു.
മിക്കവാറും എല്ലാ ഇക്വിറ്റി-ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളും കഴിഞ്ഞ മാസം മൊത്ത നിക്ഷേപം രജിസ്റ്റര്‍ ചെയ്തു. ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ്, ഇഎല്‍എസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍) എന്നിവ അവലോകന മാസത്തില്‍ യഥാക്രമം 1,691 കോടി, 1,240 കോടി, 752 കോടി രൂപയുടെ വരവ് നേടി. കൂടാതെ, സ്ഥിര വരുമാന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രിലില്‍ 43,431 കോടി രൂപയുടെ മൊത്ത നിക്ഷേപമുണ്ടായി.
സ്ഥിര വരുമാന സെക്യൂരിറ്റികളില്‍ ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ 19,239 കോടി രൂപ പിന്‍വലിച്ചു. മാര്‍ച്ചില്‍ 195 കോടി രൂപ പിന്‍വലിച്ചതിനു ശേഷം കഴിഞ്ഞ മാസം സ്വര്‍ണ്ണ ഇടിഎഫുകളും 731 കോടി രൂപയുടെ വിനിമയം രേഖപ്പെടുത്തി.