
2019 മാര്‍ച്ചില്‍ തീര്‍പ്പാക്കിയ എറിക്‌സണ്‍ കുടിശ്ശിക കേസില്‍ അനില്‍ അംബാനിയെ ജയിലില്‍ നിന്ന് രക്ഷിക്കാനായി കോടീശ്വരനായ ജ്യേഷ്ഠന്‍ മുകേഷ് അംബാനി സാമ്പത്തിക സഹായം നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. പകരം, അനില്‍ അംബാനിയുടെ പ്രശ്‌ന ബാധിത കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഗ്രൂപ്പ് കമ്പനിക്ക് പാട്ടത്തിന് നല്‍കിയാണ് എറിക്‌സണ് നല്‍കാനുള്ള കുടിശ്ശിക തുകയായ 460 കോടി രൂപ സമാഹരിച്ചതെന്ന് റിപ്പോര്‍ട്ട്.
എറിക്‌സണ്‍ കേസില്‍ കോര്‍പ്പറേറ്റ് ആസ്തികള്‍ പാട്ടത്തിന് നല്‍കിയാണ് അനില്‍ അംബാനി മുകേഷ് അംബാനിയില്‍ നിന്ന് പണം സ്വീകരിച്ചതെന്നും അല്ലാതെ വ്യക്തിപരമായി മുകേഷ് അംബാനി മറ്റ് ഫണ്ടുകളൊന്നും നല്‍കിയിട്ടില്ലെന്ന് ബിസിനസ് ടുഡേയുടെ ചോദ്യത്തിന് മറുപടിയായി അനില്‍ അംബാനിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ ഏത് സ്വത്താണ് പാട്ടത്തിന് നല്‍കിയതെന്ന് വ്യക്തമല്ല.
2019 മാര്‍ച്ച് 18 ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മാതാവിന് 458.77 കോടി രൂപ നല്‍കി കുടിശ്ശിക തീര്‍ത്തതിന് ശേഷമായിരുന്നു ഇത്. എന്റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്റെ സഹോദരന്‍ മുകേഷ്, നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല സമയോചിതമായ പിന്തുണയിലൂടെ എങ്ങനെയാണ് ദൃഢമായ കുടുംബ മൂല്യങ്ങള്‍ പ്രകടിപ്പിക്കേണ്ടത് എന്നും അവര്‍ കാണിച്ചുതന്നു. ഞാനും എന്റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും. നിങ്ങള്‍ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നുവെന്നാണ് അനിലില്‍ അംബാനി വാര്‍ത്ത കുറിപ്പില്‍ കുറച്ചത്.
എന്നാല്‍ ഒന്നര വര്‍ഷത്തിനുശേഷം, 2019 മാര്‍ച്ച് 18 ലെ ആര്‍കോമിന്റെ പത്രക്കുറിപ്പിന് വിശദീകരണവുമായാണ് അനില്‍ അംബാനിയുടെ ദി റിലയന്‍സ് ഗ്രൂപ്പ് വക്താവ് രംഗത്തെത്തിയിരിക്കുന്നത്. കടക്കെണിയില്‍ നിന്ന് അനിലിനെ സാമ്പത്തികമായി രക്ഷിക്കാന്‍ സമ്പന്നനായ മുകേഷ് അംബാനിയ്ക്ക് കഴിയുമെങ്കിലും അംബാനി സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം വേണ്ടത്ര ഊഷ്മളമല്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
അനില്‍ അംബാനിയുടെ രണ്ട് കമ്പനികളായ ആര്‍കോം, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്നിവ ഇപ്പോള്‍ പാപ്പരത്ത നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ആര്‍കോമിന്റെ സ്വത്തിന്റെ ഒരു ഭാഗം ലേലം വിളിച്ചവരില്‍ ഒരാളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. അനില്‍ അംബാനിയുടെ മറ്റ് പ്രധാന കമ്പനികളായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവ കടക്കെണിയിലായതിനാല്‍ ഓഹരി വിപണിയില്‍ വെറും 1,600 കോടി രൂപയാണ് ഇവയുടെ മൂല്യം.
അംബാനിയുടെ ആസ്ഥാനമായ സാന്റാക്രൂസിനും സൗത്ത് മുംബൈയിലെ മറ്റ് രണ്ട് ഓഫീസുകള്‍ക്കും യെസ് ബാങ്ക് അടുത്തിടെ നോട്ടീസ് നല്‍കിയിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് ആസ്ഥാനവും ചെയര്‍മാന്റെ ഓഫീസും സൗത്ത് മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനില്‍ അംബാനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമായത് ആഗസ്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ അദ്ദേഹത്തിനെതിരായ പാപ്പരത്ത നടപടികള്‍ സ്റ്റേ ചെയ്തതാണ്. തുടര്‍ന്നുള്ള ഉത്തരവ് വരുന്നതുവരെ സ്വത്തുക്കള്‍ വിനിയോഗിക്കരുതെന്ന് കോടതു നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഒരിയ്ക്കല്‍ 42 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തെ ആറാമത്തെ ധനികനായിരുന്ന അനില്‍ അംബാനി ഇപ്പോള്‍ തന്റെ കൈയ്യില്‍ സ്വത്തായിട്ട് ഒന്നുമില്ലെന്നാണ് പറയുന്നത്. വെറുതേ പറയുന്നതല്ല, ലണ്ടനിലെ കോടതിയില്‍ ഔദ്യോഗികമായി വ്യക്തമാക്കിയതാണ് ഇക്കാര്യം. ചൈനീസ് ബാങ്കുളില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി അടുത്തിടെ വിശദീകരണവുമായി എത്തിയത്. മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നായി എടുത്ത 700 മില്യണ്‍ ഡോളറിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കേസ്. 2012 ല്‍ ആയിരുന്നു റിലയന്‍സ് കോം ഈ വായ്പകള്‍ എടുത്തത്. ഈ കേസിലാണ് തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അനില്‍ അംബാനിയ്ക്ക് കടം നല്‍കിയവരില്‍ ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നത് ജ്യേഷ്ഠന്‍ മുകേഷ് അംബാനി അനിയനെ സഹായിക്കുമെന്നാണ്. കാരണം മുകേഷ് അംബാനിയുടെ മകള്‍ ഈഷയുടെയും മകന്‍ ആനന്ദ് അംബാനിയുടെയുമെല്ലാം വിവാഹവേളയില്‍ അനില്‍ അംബാനിയും കുടുംബവും മുന്‍പന്തിയിലുണ്ടായിരുന്നു. 2018 ഡിസംബറില്‍ നടന്ന ഇഷയുടെ വിവാഹസമയത്ത് മുന്‍ രാഷ്ട്രപതി അന്തരിച്ച പ്രണബ് മുഖര്‍ജിയെ സ്വീകരിക്കാന്‍ എത്തിയത് അനില്‍ അംബാനിയായിരുന്നു.
2002 ല്‍ പിതാവ് ധീരുഭായ് അംബാനിയുടെ നിര്യാണത്തിനുശേഷം മുകേഷും അനിലും റിലയന്‍സ് സാമ്രാജ്യം രണ്ടാക്കി മാറ്റി. 2005 ല്‍ അമ്മ കോകിലബെന്‍ അംബാനിയുടെ മധ്യസ്ഥതയോടെ കുടുംബ ബിസിനസ്സ് വിഭജിക്കപ്പെട്ടു. ചില ബിസിനസ് തര്‍ക്കങ്ങളെ തുടര്‍ന്ന് 2008 ല്‍ മുകേഷിനെതിരെ അനില്‍ അംബാനി 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഒടുവില്‍, 2010 ല്‍, മുകേഷിന്റെ കമ്പനിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നു.
അതിനുശേഷം, പൊതു ചടങ്ങുകളിലൊന്നും സഹോദരന്മാരെ ഒരുമിച്ച് കണ്ടില്ല. ടെലികോം ബിസിനസും മറ്റ് വിപുലീകരണങ്ങളും കെട്ടിപ്പടുക്കുന്നതില്‍ മുകേഷ് ശ്രദ്ധ കേന്ദ്രീകരിച്ചു. 2016 ല്‍ സഹോദരങ്ങള്‍ അവരുടെ മരുമകളുടെ വിവാഹത്തില്‍ വീണ്ടും ഒന്നിച്ചു. തന്റെ സഹോദരന്‍ ജിയോയുമായി വരുന്നതില്‍ അനില്‍ അംബാനി ഒരു ഘട്ടത്തില്‍ സന്തുഷ്ടനായിരുന്നു. 2016 സെപ്റ്റംബറില്‍ തന്റെ ടെലികോം കമ്പനി റിലയന്‍സ് ജിയോയുമായി ലയിപ്പിച്ചതായും ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ജിയോയുടെ വിക്ഷേപണം അനിലിന്റെ ടെലികോം ബിസിനസിനെ പൂര്‍ണമായും നശിപ്പിച്ചു. ടെലികോം വ്യവസായത്തിലെ സാമ്പത്തിക പിരിമുറുക്കത്തിനിടെ 2017 ജൂലൈ തുടക്കത്തില്‍ ആര്‍കോം ജിയോയെ നേരിട്ട് കുറ്റപ്പെടുത്തി തുടങ്ങി.